പാര്‍ട്ടിയെ അറിയിക്കാതെ കോടികള്‍ നല്‍കി ആശുപത്രി വിലയ്ക്കു വാങ്ങാന്‍ കരാറെഴുതി; എംഎല്‍എയ്ക്ക് എതിരെ സിപിഐയില്‍ അന്വേഷണം

പാര്‍ട്ടിയെ അറിയിക്കാതെ സഹകരണസംഘം രൂപീകരിച്ചു കോടികള്‍ നല്‍കി സ്വകാര്യ ആശുപത്രി വിലയ്ക്കു വാങ്ങാന്‍ കരാറെഴുതിയെന്ന ആരോപണത്തില്‍ ചാത്തന്നൂര്‍ എംഎല്‍എ ജി.എസ്.ജയലാലിന് എതിരെ സിപിഐയില്‍ അന്വേഷണം
പാര്‍ട്ടിയെ അറിയിക്കാതെ കോടികള്‍ നല്‍കി ആശുപത്രി വിലയ്ക്കു വാങ്ങാന്‍ കരാറെഴുതി; എംഎല്‍എയ്ക്ക് എതിരെ സിപിഐയില്‍ അന്വേഷണം

കൊല്ലം: പാര്‍ട്ടിയെ അറിയിക്കാതെ സഹകരണസംഘം രൂപീകരിച്ചു കോടികള്‍ നല്‍കി സ്വകാര്യ ആശുപത്രി വിലയ്ക്കു വാങ്ങാന്‍ കരാറെഴുതിയെന്ന ആരോപണത്തില്‍ ചാത്തന്നൂര്‍ എംഎല്‍എ ജി.എസ്.ജയലാലിന് എതിരെ സിപിഐയില്‍ അന്വേഷണം. പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇതേക്കുറിച്ചു ജില്ലാ നേതൃത്വത്തോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍, പാര്‍ട്ടിയില്‍നിന്നുള്ള ആദ്യ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പേരിലുള്ള സഹകരണ ആശുപത്രി മാസങ്ങളായി പൂട്ടിക്കിടക്കുമ്പോഴാണ് 5.25 കോടി രൂപയ്ക്കു സ്വകാര്യ ആശുപത്രി സ്വന്തമാക്കാനുള്ള ശ്രമം. ഒരു കോടിയിലേറെ രൂപ നല്‍കി കരാറെഴുതിയതോടെ ആശുപത്രിയുടെ ഭരണം സഹകരണ സംഘം ഏറ്റെടുക്കുകയും ചെയ്തു.

ജയലാല്‍ പ്രസിഡന്റായി സാന്ത്വനം ഹോസ്പിറ്റല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ രൂപീകരിച്ച സഹകരണ സംഘമാണു കൊല്ലം ബൈപാസ് റോഡരികില്‍ മേവറത്തുള്ള സ്വകാര്യ ആശുപത്രി വാങ്ങുന്നത്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ ജയലാല്‍ പ്രസിഡന്റായി സംഘം രൂപീകരിക്കുന്നതിനും ആശുപത്രി വിലയ്ക്കു വാങ്ങുന്നതിനും പാര്‍ട്ടിയുടെ അനുവാദം വാങ്ങാതിരുന്നതാണ് അന്വേഷണത്തിനു വഴിതുറന്നത്.

സംഘത്തിന് ഓഹരി സമാഹരിക്കാന്‍ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിനു ജയലാല്‍ കത്ത് നല്‍കിയപ്പോഴാണു പാര്‍ട്ടി വിവരം അറിയുന്നത്.  ജില്ലാ നേതൃത്വം ജയലാലിനോടു വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാന കൗണ്‍സിലിലും ജില്ലാ എക്‌സിക്യൂട്ടീവിലും വിഷയം ചര്‍ച്ച ചെയ്യാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

കൊല്ലം നഗരത്തിനടുത്തു പൂട്ടിക്കിടക്കുന്ന അച്യുതമേനോന്‍ സ്മാരക സഹകരണ ആശുപത്രി പുനരുജ്ജീവിപ്പിച്ചു കൂടുതല്‍ ഓഹരി സമാഹരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിനിടെയാണ്, ജയലാലിന്റെ നേതൃത്വത്തില്‍ സഹകരണ ആശുപത്രിക്കായി ഓഹരി സമാഹരണം തുടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com