ലക്ഷങ്ങളുടെ സ്വര്‍ണവും കൊണ്ട് കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടി; പണം തീര്‍ന്നപ്പോള്‍ പൂട്ടിയിട്ട് പീഡനം; അറസ്റ്റ്

കഴിഞ്ഞ ജനുവരിയിലാണ് രണ്ട് മക്കളുടെ അമ്മയായ യുവതി ഫേയ്‌സ്ബുക്കില്‍ പരിചയപ്പെട്ട ആളോടൊപ്പം വീടുവിട്ടിറങ്ങിയത്
ലക്ഷങ്ങളുടെ സ്വര്‍ണവും കൊണ്ട് കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടി; പണം തീര്‍ന്നപ്പോള്‍ പൂട്ടിയിട്ട് പീഡനം; അറസ്റ്റ്

കണ്ണൂര്‍; ആറ് മാസം മുന്‍പ് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കണ്ടെത്തി. കണ്ണൂരിലെ ഒരു ലോഡ്ജില്‍ പൂട്ടിയിട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പെരിങ്ങോം സ്വദേശി അരുണ്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് രണ്ട് മക്കളുടെ അമ്മയായ യുവതി ഫേയ്‌സ്ബുക്കില്‍ പരിചയപ്പെട്ട ആളോടൊപ്പം വീടുവിട്ടിറങ്ങിയത്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണവും എടുത്താണ് ഇവര്‍ കാമുകനൊപ്പം പോയത്. എന്നാല്‍ ഇവരുടെ പക്കലുണ്ടായിരുന്ന പണം തീര്‍ന്നതോടെ ലോഡ്ജിലെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. 

കൊല്ലം സ്വദേശിയാണ് വീട്ടമ്മ. കഴിഞ്ഞ ജനുവരി 16ന്  വിദേശത്തുള്ള ഭര്‍ത്താവ്  നാട്ടിലെത്തുമെന്നറിഞ്ഞതിനെ തുടര്‍ന്ന് രണ്ടുദിവസംമുമ്പ് മക്കളെ ഉപേക്ഷിച്ച് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി അരുണ്‍കുമാറിനൊപ്പം ഒളിച്ചോടുകയായിരുന്നു. നാട്ടിലെത്തിയ ഭര്‍ത്താവ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

വിവാഹിതനായ അരുണ്‍കുമാര്‍ വീട്ടമ്മടോടൊപ്പം വിവിധ സ്ഥലങ്ങളില്‍ താമസിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന പണം തീര്‍ന്നതിനെ തുടര്‍ന്ന് വീട്ടമ്മയെ ലോഡ്ജില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി പോലീസ് പറഞ്ഞു. അരുണ്‍കുമാറിന്റെ ആദ്യ ഭാര്യയെ കണ്ടെത്തി പോലീസ് വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം ഭാര്യഗൃഹത്തില്‍ മദ്യപിച്ചെത്തിയ അരുണ്‍കുമാര്‍ ബഹളം വെച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ വീട്ടമ്മയെ മാതാവിനൊപ്പം വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com