ആന്തൂരില്‍ എംവി ഗോവിന്ദന്‍ ഇടപെട്ടു; ഗുരുതര ആരോപണവുമായി ജയിംസ് മാത്യു എംഎല്‍എ

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം നേതാവ് എംവി ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി സിപിഎം എംഎല്‍എ
ആന്തൂരില്‍ എംവി ഗോവിന്ദന്‍ ഇടപെട്ടു; ഗുരുതര ആരോപണവുമായി ജയിംസ് മാത്യു എംഎല്‍എ

തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം നേതാവ് എംവി.ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി സിപിഎം എംഎല്‍എ ജയിംസ് മാത്യു. ആന്തൂരിലെ പ്രശ്‌നം തീര്‍ക്കാന്‍ നിവേദനം നല്‍കി താന്‍ മന്ത്രിയെ കൊണ്ട് നടപടി എടുപ്പിച്ചപ്പോള്‍ ഗോവിന്ദന്‍ മന്ത്രിയുടെ  പ്രൈവറ്റ്‌ സെക്രട്ടറിയെ വിളിക്കുകയും പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്‌തെന്നാണ് ജയിംസ് മാത്യുവിന്റെ ആരോപണം. 

സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം ഉയര്‍ത്തി ജയിംസ് മാത്യു എംവി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. സംഭവത്തില്‍ നേതാക്കള്‍ തമ്മില്‍ ഈഗോ ക്ലാഷ് ഉണ്ടായെന്നും എംഎല്‍എ സംസ്ഥാന സമിതിയില്‍ പറഞ്ഞു.

ആന്തൂര്‍ ഉള്‍പ്പെട്ട തളിപ്പറമ്പ് മണ്ഡലത്തിലെ എംഎല്‍എയാണ് ജയിംസ് മാത്യു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട് സാജന്‍ പാറയില്‍ തന്നെ സമീപിച്ചിരുന്നു. ഇതനുസരിച്ച് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി.ജലീലിന് പ്രശ്‌ന പരിഹാരത്തിനായി ഒരു നിവേദനം നല്‍കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കാനും പരിശോധിക്കാനും മന്ത്രി സൂപ്രണ്ടിങ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ആന്തൂര്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയുടെ ഭര്‍ത്താവുമായ എംവി ഗോവിന്ദന്റെ ഇടപെടലുകളുണ്ടായത്. എംവി ഗോവിന്ദന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചാണ് ഇടപെടല്‍ നടത്തിയതെന്നും ജയിംസ് മാത്യു സംസ്ഥാന സമിതിയല്‍ പറഞ്ഞു. 

എന്നാല്‍ തനിക്കുനേരയുണ്ടായ വ്യക്തിപരമായ ആരോപണത്തില്‍ എം.വി.ഗോവിന്ദന്‍ വ്യക്തമായി മറുപടി നല്‍കിയില്ല. താന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു എന്ന കാര്യം അദ്ദേഹം സമ്മതിച്ചതായാണ് റിപ്പോര്‍്ട്ടുകള്‍. എംവി ഗോവിന്ദനും പി ജയരാജനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ആന്തൂരിലെ സംഭവങ്ങള്‍ക്ക് കാരണമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ജയിംസ് മാത്യു ഇന്ന് സംസ്ഥാന സമിതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com