മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടി?; അത്ഭുതക്കുട്ടിയെ കളത്തിലിറക്കാന്‍ ബിജെപി

മുസ്ലീം ജനസംഖ്യയില്‍ 39 ശതമാനമുള്ള മണ്ഡലത്തില്‍ അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയാകുന്നതോടെ മണ്ഡലം പിടിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ
മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടി?; അത്ഭുതക്കുട്ടിയെ കളത്തിലിറക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ ഇടത് വലതുമുന്നണികള്‍ക്കൊപ്പം നിന്ന് ചരിത്രം സൃഷ്ടിച്ച അബ്ദുള്ളക്കുട്ടി ഇനി ബിജെപിയിലും അത്ഭുതകുട്ടിയാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദയില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ച അബ്ദുള്ളക്കുട്ടി മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ താന്‍ കേരളരാഷ്ട്രീയത്തില്‍ സജീവമായി തുടരുമെന്ന് അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മഞ്ചേശ്വരത്ത് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 79 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. മുസ്ലീം ജനസംഖ്യയില്‍ 39 ശതമാനമുള്ള മണ്ഡലത്തില്‍ അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയാകുന്നതോടെ മണ്ഡലം പിടിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

99ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ കണ്ണൂര്‍ സിപിഎം പിടിച്ചെടുത്തത് അബ്ദുള്ളക്കുട്ടിയെ  സ്ഥാനാര്‍ത്ഥിയാക്കിയാണ്. മോദി മുഖ്യമന്ത്രിയായ സമയത്ത് ഗുജറാത്തിനെ പ്രകീര്‍ത്തിച്ചതിന് സിപിഎമ്മില്‍ നിന്ന് പുറത്തായ അബ്ദുളളക്കുട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കണ്ണൂരില്‍ നിന്ന് തന്നെ നിയമസഭയിലെത്തി. കഴിഞ്ഞ തവണ തലശ്ശേരിയില്‍ തോറ്റ അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഇതിന് പിന്നാലെയാണ് മോദി സ്തുതിയുടെ പേരില്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തായത്. 

കേരളത്തില്‍ സ്വാധീനമുറപ്പിക്കുന്നതിന് പ്രധാന തടസ്സം ന്യൂനപക്ഷങ്ങളുടെ അകല്‍ച്ചയാണെന്ന് ബിജെപി വിലയിരുത്തുന്ന അതേസമയത്ത് തന്നെയാണ് അബ്ദുള്ളക്കുട്ടി പാര്‍ട്ടിയിലെത്തുന്നത്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കി ന്യൂനപക്ഷങ്ങളെ കൂടുതലായി ആകര്‍ഷിക്കണമെന്ന വാദം ഇതിനകം തന്നെ ബിജെപിയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതംഗീകരിക്കപ്പെട്ടാല്‍ മൂന്നാമത് ഒരു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി അബ്ദുള്ളക്കുട്ടി വീണ്ടും ജനവിധി തേടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com