സഹോദരന്റെ മൃതദേഹം ചാക്കിൽക്കെട്ടി ബൈക്കിൽ സഞ്ചരിച്ചു; മഴ പെയ്തപ്പോൾ ഭർത്താവ് മുങ്ങി; യുവതി കസ്റ്റഡിയിൽ

മാനസിക വെല്ലുവിളി നേരിടുന്ന സഹോദരന്റെ മൃതദേഹം ചാക്കിൽക്കെട്ടി ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു
സഹോദരന്റെ മൃതദേഹം ചാക്കിൽക്കെട്ടി ബൈക്കിൽ സഞ്ചരിച്ചു; മഴ പെയ്തപ്പോൾ ഭർത്താവ് മുങ്ങി; യുവതി കസ്റ്റഡിയിൽ

ഓച്ചിറ: മാനസിക വെല്ലുവിളി നേരിടുന്ന സഹോദരന്റെ മൃതദേഹം ചാക്കിൽക്കെട്ടി ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ശിവകാശി സ്വദേശി മൈക്കിൾരാജി (പുളി 21)ന്റെ മൃതദേഹവുമായി പോയ സഹോദരി കസ്തൂരി (35)യാണ് പൊലീസ് കസ്റ്റഡിയിലായത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മറവു ചെയ്യാൻ കൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിനു സമീപം വാസവപുരത്ത് വാടകയ്ക്കു താമസിക്കുകയാണ് ഇവർ. ഭർത്താവ് മാസാണം (40), എട്ട് വയസുകാരിയായ മകൾ എന്നിവർക്കൊപ്പം ബൈക്കിൽ മൃതദേഹവുമായി ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു യുവതി. ചെങ്ങന്നൂർ പാണ്ടനാട്ടുള്ള വീടിനു സമീപം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു ലക്ഷ്യം.

ബൈക്കിനു പിന്നിലിരുന്ന കസ്തൂരിയാണ് മൃതദേഹം പിടിച്ചിരുന്നത്. യാത്രയിൽ മൃതദേഹത്തിന്റെ കാൽ റോഡിലുരഞ്ഞ് പാദം തകർന്നു. മൂന്ന് വിരലുകൾക്കും സാരമായ പരിക്കു പറ്റി. യാത്രയ്ക്കിടെ ശക്തമായ മഴ വന്നതിനാൽ മൃതദേഹം കടത്തിണ്ണയിൽ കിടത്തി, കസ്തൂരിയെ കാവൽ നിർത്തി മാസാണം കടന്നുകളഞ്ഞു.

ഏറെസമയം കഴിഞ്ഞും ഭർത്താവിനെ കാണാത്തതിനെ തുടർന്ന് ചെങ്ങന്നൂരിലുള്ള ബന്ധുക്കളെ കസ്തൂരി വിവരമറിയിച്ചു. ബന്ധുക്കൾ എത്തിയെങ്കിലും സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ അവരും അവിടെ നിന്നു മുങ്ങി. ഭർത്താവിനെ കാണാതായതിനെ തുടർന്ന് രാത്രി തന്നെ കസ്തൂരി മൃതദേഹം ചുമന്ന് ചെങ്ങന്നൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. മരണത്തിൽ സംശയം തോന്നിയ ഡോക്ടർ വിവരം ചെങ്ങന്നൂർ പൊലീസിൽ അറിയിച്ചു.

പൊലീസ് എത്തി ചോദ്യം ചെയ്തപ്പോൾ തങ്ങൾ കടത്തിണ്ണയിൽ കഴിയുന്നവരാണെന്നും അസുഖം വന്ന സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി മരിച്ചതാണെന്നും കസ്തൂരി പറഞ്ഞു. എന്നാൽ മൃതദേഹ പരിശോധനയിൽ യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതായി ഡോക്ടർ അറിയിച്ചു. തുടർന്ന് പൊലീസ് കസ്തൂരിയെ കസ്റ്റഡിയിലെടുത്തു.

ചെങ്ങന്നൂർ പൊലീസും ഓച്ചിറ പൊലീസും വിരലടയാള വിദഗ്‌ധരും ക്ലാപ്പനയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വീട്ടിൽ താമസിച്ചിരുന്ന ശിവകാശി സ്വദേശികളായ മറ്റൊരു കുടുംബവും ഇവിടെ നിന്ന്‌ കടന്നുകളഞ്ഞു. യുവതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. രാത്രിയോടെ കസ്തൂരിയെ ചെങ്ങന്നൂർ പൊലീസ് ഓച്ചിറ പൊലീസിന് കൈമാറി. മൈക്കിൾരാജിന്റെ മൃതദേഹം ശിവകാശിയിലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com