കേരള തീരത്ത് നിന്ന് അപ്രത്യക്ഷമായത് 15 ഇനം മീനുകള്‍, മത്തിയും അയലയും പേരിന് മാത്രം

പല തരം ചെമ്മീനുകളും, നെയ്മീനുകളും വംശനാശത്തിന്റെ വക്കിലാണ്
കേരള തീരത്ത് നിന്ന് അപ്രത്യക്ഷമായത് 15 ഇനം മീനുകള്‍, മത്തിയും അയലയും പേരിന് മാത്രം

കൊല്ലം: കേരള തീരത്തെ മത്സ്യ സമ്പത്തില്‍ ഞെട്ടിക്കുന്ന കുറവെന്ന് റിപ്പോര്‍ട്ട്. സമുദ്ര ഗവേഷണ സ്ഥാപനങ്ങളും, ഫിഷറീസ് സര്‍വകലാശാലയും നടത്തിയ പഠനങ്ങളിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. മൂന്ന് വര്‍ഷം മുന്‍പ് വരെ കേരള തീരത്ത് സുലഭമായിരുന്ന പല മത്സ്യങ്ങളും അപ്രത്യക്ഷമായി. 

മത്തിയും അയലയും പേരിന് മാത്രമാണ് ലഭിക്കുന്നത്. പതിനഞ്ചിനം മത്സ്യങ്ങളാണ് കേരള തീരത്ത് നിന്നും അപ്രത്യക്ഷമായത്. ട്രോളിങ് നിരോധന സമയത്ത് ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് ലഭിച്ചിരുന്ന മത്സ്യങ്ങളില്‍ പലതും ഇപ്പോള്‍ കിട്ടുന്നില്ല. ഏട്ട, സ്രാവ് എന്നീ ഇനത്തില്‍പ്പെട്ട മത്സ്യങ്ങളിലാണ് കുറവ്. 

സ്രാവ് ഇനത്തില്‍പ്പെടുന്ന വെളുത്ത നിറമുള്ള ഊളിമീനും അപൂര്‍വമായി. ആവാസ വ്യവസ്ഥയിലെ പ്രശ്‌നം മൂലം മത്തി, ചൂര എന്നീ മീനുകള്‍ കര്‍ണാടക തീരത്തേക്ക് പോയതായി വിദഗ്ധര്‍ പറയുന്നു. ജലത്തിന്റെ താപവ്യത്യാസം ഉള്‍പ്പെടെ സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനവും മത്സ്യസമ്പത്ത് ഇല്ലാതെയാവാന്‍ കാരണമാവുന്നു. പല തരം ചെമ്മീനുകളും, നെയ്മീനുകളും വംശനാശത്തിന്റെ വക്കിലാണ്. വാളയുടെ ലഭ്യത പത്തിലൊന്നായി കുറഞ്ഞെന്ന് ഫിഷറീസ് വകുപ്പ് കണ്ടെത്തിയിരുന്നു.

അശാസ്ത്രീയമായ മത്സ്യ ബന്ധനത്തിലൂടെ മുട്ടയിടാറായ മീനുകളുടെ എണ്ണവും കുറഞ്ഞു. വിദേശ കപ്പലുകള്‍ ചെറു മീനുകളെ കൂട്ടത്തോടെ പിടിച്ചെടുക്കുന്നതും തിരിച്ചടിയായി. ചെറു മത്സ്യങ്ങളെ പിടികൂടുന്നത് നിരോധിച്ചതാണെങ്കിലും പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന കപ്പലുകള്‍ ഈ പ്രദേശത്തെ മുഴുവന്‍ മത്സ്യങ്ങളേയും വലയ്ക്കകത്താക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ചെറുമീനുകളെ മംഗലാപുരത്തേയും തമിഴ്‌നാട്ടിലേയും ഫാക്ടറികളിലേക്ക് കടത്തി ട്രോളിങ് സമയത്ത് വിലകൂട്ടി വില്‍ക്കുകയാണെന്നും പറയപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com