പിണറായി സര്‍ക്കാരിന്റെ വാര്‍ഷികം; വിദ്യാര്‍ത്ഥികള്‍ക്ക് നെയിം സ്ലിപ്പും കത്തും നല്‍കിയത് 1.50 കോടി രൂപയ്ക്ക്

രണ്ട് കോടി നെയിം സ്ലിപ്പുകളും 40 ലക്ഷം കത്തുകളുമാണ് ഒന്നാം വാര്‍ഷികമായ 2017ല്‍ അച്ചടിച്ചത്
പിണറായി സര്‍ക്കാരിന്റെ വാര്‍ഷികം; വിദ്യാര്‍ത്ഥികള്‍ക്ക് നെയിം സ്ലിപ്പും കത്തും നല്‍കിയത് 1.50 കോടി രൂപയ്ക്ക്

തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് നെയിം സ്ലിപ്പും കത്തും നല്‍കുന്നതിന് ഒരു കോടി അമ്പത് ലക്ഷം രൂപ ചെലവാക്കി. നെയിം സ്ലിപ്പിനും കത്തിനും ചെലവാക്കിയ അച്ചടിക്കൂലി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ട് കോടി നെയിം സ്ലിപ്പുകളും 40 ലക്ഷം കത്തുകളുമാണ് ഒന്നാം വാര്‍ഷികമായ 2017ല്‍ അച്ചടിച്ചത്. 

മുഖ്യമന്ത്രിയുടെ സാമൂഹിക പ്രചാരണങ്ങള്‍ക്കായി ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിച്ചതിന് പിന്നാലെയാണിത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും 2019-2020 വര്‍ഷത്തെ പരിപാലനത്തിനായാണ് ഫണ്ട് അനുവദിച്ചത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ തിങ്കഴാഴ്ച പുറത്തിറങ്ങി. സിഡിറ്റ് ആവശ്യം പ്രകാരം ജീവനക്കാര്‍ക്കായി എണ്‍പത് ലക്ഷം, ലൈവ് സ്ട്രീമിങ്ങിനായി അഞ്ചര ലക്ഷം, നെറ്റ്‌വര്‍ക്ക്, ഇന്റര്‍നെറ്റ് അടക്കമുള്ള ആവശ്യങ്ങള്‍ക്കായി ഏഴര ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. 

നെയിം സ്ലിപ്പുകള്‍ അടിച്ച വകയില്‍ ഒരു കോടി എട്ട് ലക്ഷം രൂപയും കത്തുകള്‍ക്കായി 46 ലക്ഷം രൂപയും ചെലവായെന്നാണ് കേരള ബുക്‌സ് ആന്റ് പ്ലബിക്കേഷന്‍സ് സൊസൈറ്റി സമര്‍പ്പിച്ച കണക്ക്. ഈ അച്ചടിക്കൂലി അനുവദിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവിറങ്ങി. പിആര്‍ഡി ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞ പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്നതിന് മുന്‍പാണ് സര്‍ക്കാര്‍ പ്രചാരണത്തിനായി കോടികള്‍ ചെലവാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com