പ്രേമം നടിച്ച് അടുത്തുകൂടും പിന്നെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടും, ലക്ഷ്യം എസ്‌ഐമാരെ; പൊലീസ് ഗ്രൂപ്പില്‍ മുന്നറിയിപ്പ് സന്ദേശം

പൊലീസുകാരെ പ്രണയക്കെണിയില്‍പ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന തരത്തിലുള്ള ശബ്ദ സന്ദേശം പൊലീസിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുകയാണ്
പ്രേമം നടിച്ച് അടുത്തുകൂടും പിന്നെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടും, ലക്ഷ്യം എസ്‌ഐമാരെ; പൊലീസ് ഗ്രൂപ്പില്‍ മുന്നറിയിപ്പ് സന്ദേശം

കൊച്ചി; കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം തുമ്പയിലെ എസ്‌ഐക്കെതിരേ പീഡന ആരോപണവുമായി യുവതി രംഗത്തെത്തിയത്. ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ യുവതിയുടെ പരാതി വ്യാജമാവാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നു. ഇപ്പോള്‍ ഈ സ്ത്രീ പൊലീസുകാരെ പ്രണയക്കെണിയില്‍പ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന തരത്തിലുള്ള ശബ്ദ സന്ദേശം പൊലീസിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുകയാണ്. ഒരു മുന്നറിയിപ്പു പോലെയാണ് യുവതിയുടെ ചിത്രവും ഫേയ്‌സ്ബുക്ക് പ്രൊഫൈലും ഉള്‍പ്പെടുത്തിക്കൊണ്ട് സന്ദേശം എത്തിയത്. 

പൊലീസുകാരെ, പ്രത്യേകിച്ച് എസ്‌ഐമാരെ ഫേയ്‌സ്ബുക്കിലൂടെ പലരീതിയില്‍ പരിചയപ്പെട്ട് പ്രേമം നടിച്ചും പിന്നീട് ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ തട്ടുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സന്ദേശം. ഇത് അവരുടെ സ്ഥിരം പരിപാടിയാണെന്നും സൂക്ഷിക്കണമെന്നുള്ള മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്. 

''പ്രിയ പൊലീസ് സുഹൃത്തുക്കളേ, ഫേസ്ബുക്കില്‍ ഈ ഐ.ഡിയുള്ള (ഫേസ്ബുക്ക് ഐഡി പറയുന്നു) ഒരു ലേഡി, പൊലീസുകാരെ  പ്രത്യേകിച്ച് എസ്.ഐ മാരെ പലരീതിയില്‍ പരിചയപ്പെട്ട് പ്രേമം നടിച്ചും, പിന്നീട് ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ തട്ടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് അവരുടെ സ്ഥിരം പരിപാടിയാണ്. പൊലീസാണ് അവരുടെ ഇര. നമ്മള്‍ സൂക്ഷിക്കണം...'' ശബ്ദ സന്ദേശത്തില്‍ പറയുന്നു. 

കൊച്ചിയിലെ പൊലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം എത്തിയത്. തിരുവനന്തപും ആലപ്പുഴ എന്നിവിടങ്ങളിലെ ചില എസ്‌ഐമാര്‍ തട്ടിപ്പിന് ഇരായായിട്ടുണ്ടെന്നും തുമ്പയിലെ എസ്‌ഐക്കെതിരേ ഉയര്‍ന്ന പീഡന പരാതി ഈ സ്ത്രീയാണ് നല്‍കിയതെന്നുമാണ് അവര്‍ പറയുന്നത്.

 ഫേസ്ബുക്കിലൂടെ പ്രണയം നടിച്ചാണ് ഇവര്‍ അടുപ്പം സ്ഥാപിക്കുന്നത്. മൊബൈല്‍ നമ്പര്‍ വാങ്ങിക്കഴിഞ്ഞാല്‍, ഏതെങ്കിലും പൊലീസുകാരന്റെ പേരു പറഞ്ഞ്, അയാള്‍ പണം വാങ്ങിയെന്നും തിരികെ നല്‍കാത്തതിനാല്‍ കേസ് കൊടുക്കാന്‍ പോവുകയാണെന്നും ആദ്യം പറയും. ഇതിന്റെ പേരില്‍ പലതവണ ഫോണ്‍ ചെയ്ത് സൗഹൃദമുറപ്പിക്കും. പിന്നീടുള്ള ഓരോ സംഭാഷണവും റെക്കോഡ് ചെയ്യും. അതു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് രീതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com