മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍ വിവാദം: ഭൂമാഫിയയെ സഹായിക്കാനുള്ള ഇടപാടെന്ന് പ്രതിപക്ഷം, എല്ലാം ചെയ്തത് യുഡിഎഫ് എന്ന് മന്ത്രി

മലയാളം സര്‍വകലാശാലയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച ക്രമക്കേടില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍ വിവാദം: ഭൂമാഫിയയെ സഹായിക്കാനുള്ള ഇടപാടെന്ന് പ്രതിപക്ഷം, എല്ലാം ചെയ്തത് യുഡിഎഫ് എന്ന് മന്ത്രി

തിരുവനന്തപുരം: മലയാളം സര്‍വകലാശാലയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച ക്രമക്കേടില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം അടിയന്തരപ്രമേയമായി അനുവദിക്കാനാകില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നുമുള്ള സ്പീക്കറുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭവിട്ടിറങ്ങിയത്. 

സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിലുള്ള 2016ലെ റിപ്പോര്‍ട്ടിന് അടിയന്തര പ്രധാന്യമില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. എന്നാല്‍ ഉത്തരവ് ഇറങ്ങിയത് ഈ മാസം മൂന്നിനാണെന്നും സ്ഥലമെടുപ്പില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. 

കോടിക്കണക്കിന് രൂപയുടെ കമ്മീഷന്‍ പറ്റുന്നരീതിയിലുള്ള ക്രമക്കേട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. വിഷയം അടിയന്തരപ്രധാന്യമല്ലാത്തതാണെന്ന സ്പീക്കറുടെ നിലപാട് പുന:പരിശോധിക്കണമെന്നും സ്പീക്കര്‍ ഈ പ്രസ്താവന പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശമാണ് സ്പീക്കര്‍ നിഷേധിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പക്ഷേ, വിഷയം അടിയന്തരപ്രമേയമായി പരിഗണിക്കില്ലെന്ന നിലപാടില്‍ സ്പീക്കര്‍ ഉറച്ചുനിന്നു. ഇതോടെയാണ് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. 

സര്‍വകലാശാലയ്ക്ക് വേണ്ടി ഭൂമി കണ്ടെത്തിയതും തീരുമാനമെടുത്തതും ഈ സര്‍ക്കാരല്ലെന്നും എല്ലാം യുഡിഎഫാണ് ചെയ്തതെന്നും മന്ത്രി കെടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ജയകുമാര്‍ ഐഎഎസിന്റെ നേതൃത്വത്തിലാണ് ഭൂമി ഇടപാടുകള്‍ നടന്നത്. എന്തെങ്കിലും സംശയുമുണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പതിനൊന്ന് ഏക്കറില്‍ കണ്ടല്‍ കാടുകളും ചതുപ്പു നിലങ്ങളും ഒഴിവാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് വാക്കൗട്ടിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ ആരോപിച്ചു. വാസ്തവത്തില്‍ ഇത് ഭൂമാഫിയ നടത്തിയ വന്‍ ഇടപാടാണെന്ന് അദ്ദേഹം ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com