റിമാന്‍ഡ് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം; നാല് പൊലീസുകാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍

സംഭവത്തില്‍ ശിക്ഷനടപടി ലഭിക്കുന്ന പൊലീസുകാരുടെ എണ്ണം 17 ആയി
റിമാന്‍ഡ് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം; നാല് പൊലീസുകാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍

ഇടുക്കി; പീരുമേട് സബ്ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണത്തില്‍ നാല്‍ പൊലീസുകാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍. നെടുങ്കണ്ടം സ്റ്റേഷനിലെ റൈറ്റര്‍ റോയ് പി വര്‍ഗീസ്, അസി റൈറ്റര്‍ ശ്യാം, സീനിയര്‍ സിപിഒമാരായ  സന്തോഷ്, ബിജു ലൂക്കോസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. 

സംഭവത്തില്‍ ശിക്ഷനടപടി ലഭിക്കുന്ന പൊലീസുകാരുടെ എണ്ണം 17 ആയി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ തന്നെ മൂന്ന് ഉദ്യോഗസ്ഥരെ ഇന്ന് സ്ഥലം മാറ്റിയിരുന്നു. എഎസ്‌ഐ റോയ്, രണ്ട് സിപിഒമാര്‍ എന്നിവരെയാണ് എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. കൂടാതെ നെടുങ്കണ്ടം എസ്‌ഐ ഉള്‍പ്പടെ നാലു പേരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ക്രൈബ്രാഞ്ചിന് കൈമാറി. മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 

നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് പ്രതി രാജ്കുമാര്‍ മരണപ്പെട്ടത്. നെഞ്ചുവേദനയെ തുടര്‍ന്ന് ജയിലില്‍ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പ്രതി വൈകാതെ മരിക്കുകയായിരുന്നു. രാജ്കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. അന്വേഷണ സംഘം നാളെ നെടുങ്കണ്ടം സ്‌റ്റേഷനില്‍ എത്തി തെളിവെടുപ്പ് നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com