വാഹന വായ്പാ തിരിച്ചടവ് മുടങ്ങി; സ്വകാര്യ ബാങ്ക് ജീവനക്കാരുടെ ഭീഷണി; മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു; പരാതി

സ്വകാര്യബാങ്കില്‍നിന്നെടുത്ത വാഹനവായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു
വാഹന വായ്പാ തിരിച്ചടവ് മുടങ്ങി; സ്വകാര്യ ബാങ്ക് ജീവനക്കാരുടെ ഭീഷണി; മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു; പരാതി

കൊച്ചി: സ്വകാര്യബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചതായി പരാതി. എറണാകുളം ഏലൂര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ വിജെ ജോസ് ആണ് മരിച്ചത്. സ്വകാര്യബാങ്കില്‍നിന്നെടുത്ത വാഹനവായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. 

കഴിഞ്ഞദിവസം മുതല്‍ സിസി പിടിക്കാനായി ചിലര്‍ വീട്ടിലെത്തിയിരുന്നു. വായ്പ തിരിച്ചടക്കാമെന്ന് ജോസ് അറിയിച്ചിരുന്നെങ്കിലും ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഏഴരയോടെ ഈ സംഘം വീണ്ടുമെത്തുകയും ജോസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇതിനിടെയാണ് ജോസ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇരുചക്രവാഹനം വാങ്ങാനായാണ് സ്വകാര്യബാങ്കില്‍നിന്ന് ജോസിന്റെ മകന്‍ വായ്പ എടുത്തിരുന്നത്. രണ്ടുഗഡു മുടങ്ങുകയും ചെയ്തിരുന്നു. ബാങ്കുകാര്‍ വീട്ടിലെത്തിയപ്പോള്‍ ഈ മാസം മുപ്പതിന് പണം അടയ്ക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാന്‍ ബാങ്കുകാര്‍ തയ്യാറായില്ലെന്ന് ജോസിന്റെ മകന്‍ പറയുന്നു.ബാങ്കുകാരുടെ നിരന്തര ഭീഷണിയെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് അച്ഛന്‍ മരിച്ചതെന്നാണ് മകന്റെ ആരോപണം.

അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ് വിജെ ജോസ്. ഇദ്ദേഹത്തെ 'ഗ്രീന്‍പീസ്' പെരിയാറിന്റെ സംരക്ഷണത്തിനായി 'റിവര്‍ കീപ്പര്‍' ആയി നിയോഗിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com