സഹായമെത്രാന്മാരെ മാറ്റി, ഭരണച്ചുമതല പൂർണമായി മാർ ആല‍ഞ്ചേരിക്ക്; നടപടിയുമായി മാർപാപ്പ 

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അതിരൂപതയുടെ പൂർണച്ചുമതല നൽകി
 സഹായമെത്രാന്മാരെ മാറ്റി, ഭരണച്ചുമതല പൂർണമായി മാർ ആല‍ഞ്ചേരിക്ക്; നടപടിയുമായി മാർപാപ്പ 

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ  സഹായമെത്രാന്മാരെ ചുമതലയിൽനിന്ന് മാറ്റി. സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെയാണ് ഫ്രാൻസിസ് മാർപാപ്പ അതിരൂപതയുടെ ചുമതലയിൽനിന്ന് മാറ്റിയത്.  കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അതിരൂപതയുടെ പൂർണച്ചുമതല നൽകി.

വ്യാജരേഖ ചമച്ച കേസിൽ ആരോപണവിധേയനായ മാർ ജേക്കബ് മനത്തോടത്ത് അഡ്മിനിസ്ട്രേറ്റർ ചുമതല ഒഴിയുകയും ചെയ്തു. അദ്ദേഹം പാലക്കാട് രൂപത ബിഷപ്പായി തുടരും.

എറണാകുളം അങ്കമാലി അതിരൂപതയുടെ പൂർണ ഭരണച്ചുമതല കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ആയിരിക്കുമെന്ന് വത്തിക്കാനിൽ നിന്നുളള അറിയിപ്പിൽ പറയുന്നു. തുടർന്ന് കർദിനാള്‍ അതിരൂപത ആസഥാനത്തെത്തി ചുമതല ഏറ്റെടുത്തു. അഡ്മിനിസ്ട്രേറ്റർ പദവിയിൽ മാർ ജേക്കബ് മനത്തോടത്തിന്റെ കാലാവധി അവസാനിച്ചു. ഈ പശ്ചാത്തലത്തിൽ അതിരൂപതയുടെ ഭരണച്ചുമതല പൂര്‍ണമായും ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കുന്നതാണെന്ന് അറിയിപ്പിൽ പറയുന്നു. സഹായ മെത്രാൻ പദവിയിൽ നിന്ന് മാറ്റിയ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ  എന്നിവരുടെ പുതിയ ചുമതലയെ  സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ പരിശുദ്ധ സിനഡ് തീരുമാനം എടുക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഒരുവർഷം മുമ്പാണ് കര്‍ദിനാളിനെ ഭരണചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.വത്തിക്കാനില്‍ നിന്നുള്ള നിര്‍ദശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷമായി  കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ താമസിച്ചിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ രൂപത ആസ്ഥാനത്തെത്തി ഭരണചുമതല ഏറ്റെടുത്തു .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com