അനധികൃത സ്വത്ത് സമ്പാദനം :  കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ സിപിഎം അന്വേഷണം

സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആര്‍ മുരളീധരന്‍ എന്നിവരാണ് അന്വേഷണക്കമ്മീഷനിലുള്ളത്
അനധികൃത സ്വത്ത് സമ്പാദനം :  കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ സിപിഎം അന്വേഷണം

കൊച്ചി : സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി തല അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേടുകള്‍ എന്നീ ആരോപണങ്ങളിലാണ് അന്വേഷണം. കളമശ്ശേരിയിലെ മുതിര്‍ന്ന സിപിഎം നേതാവ് നല്‍കിയ പരാതിയിലാണ് അന്വേഷണം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആര്‍ മുരളീധരന്‍ എന്നിവരാണ് അന്വേഷണക്കമ്മീഷനിലുള്ളത്. 

പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അന്വേഷണക്കമ്മീഷനെ നിയോഗിച്ചത്. വ്യവസായിയെ ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നേരത്തെ സക്കീര്‍ഹുസൈനെതിരെ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. ഏരിയാ സെക്രട്ടറി പദവിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാല്‍ എളമരം കരീം കമ്മീഷന്‍ ഈ ആരോപണത്തില്‍ സക്കീര്‍ ഹുസൈന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. 

തുടര്‍ന്ന് വീണ്ടും സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ഇതിനെതിരെ ജില്ലയിലെ പിണറായി, വിഎസ് പക്ഷങ്ങള്‍ എതിര്‍ത്തെങ്കിലും, ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവിന്റെ ശക്തമായ പിന്തുണയാണ് സക്കീര്‍ ഹുസൈന് തുണയായത്. കളമശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ചടങ്ങില്‍ സക്കീര്‍ ഹുസൈന് വേദിയില്‍ ഇരിപ്പിടം നല്‍കിയതും അക്കാലത്ത് വിവാദമായിരുന്നു. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സക്കീര്‍ ഹുസൈന്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com