പീരുമേട് കസ്റ്റഡിമരണം: ക്രൈംബ്രാഞ്ച് ഇന്ന് പൊലീസുകാരുടെ മൊഴിയെടുക്കും

രാജ്കുമാറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന സൂചനകളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
പീരുമേട് കസ്റ്റഡിമരണം: ക്രൈംബ്രാഞ്ച് ഇന്ന് പൊലീസുകാരുടെ മൊഴിയെടുക്കും

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരില്‍ നിന്ന് തെളിവെടുക്കുന്നതിനായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ഇന്ന് നെടുങ്കണ്ടത്തെത്തും. ഇന്നലെ വൈകീട്ട് ക്രൈംബ്രാഞ്ച് മരിച്ച രാജ്കുമാറിന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.

രാജ്കുമാറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന സൂചനകളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. അന്വേഷണവിധേയമായി എട്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും നാല് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കുക. 

സിസിടിവി ദൃശ്യങ്ങളും, സ്‌റ്റേഷന്‍ റെക്കോര്‍ഡുകളും സംഘം പരിശോധിക്കും. തുടര്‍ന്ന് രാജ്കുമാറിന്റെ ഫിനാന്‍സ് സ്ഥാപനമായ ഹരിതാ ഫിനാന്‍സിലെത്തി തെളിവെടുപ്പ് നടത്തും. 

ഇന്നലെ വൈകീട്ടാണ് ക്രൈംബ്രാഞ്ച് തൊടുപുഴ യൂണിറ്റ് രാജ്കുമാറിന്റെ വീട്ടുകാരില്‍ നിന്ന് മൊഴിയെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടിഎ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം വാഗമണ്ണിലെ രാജ്കുമാറിന്റെ വീട്ടിലെത്തിയാണ് ഭാര്യയില്‍ നിന്നും അമ്മയില്‍ നിന്നും മൊഴിയെടുത്തത്. 

രാജ്കുമാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിലെ പണം സംബന്ധിച്ച കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇക്കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പ്രധാനമായും വീട്ടുകാരില്‍ നിന്ന് തേടിയത്. നെടുങ്കണ്ടം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരായ കൂട്ട നടപടി പ്രഖ്യാപനവും ഇന്നുണ്ടായേക്കും. നെടുങ്കണ്ടം സ്‌റ്റേഷനിലെ 40 പൊലീസുകാര്‍ക്ക് കൂടി സ്ഥലംമാറ്റമുണ്ടാകുമെന്നാണ് സൂചന. ഇതുവരെ 12 പൊലീസുക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. 

ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ് കുമാര്‍ പീരുമേട് സബ് ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇയാള്‍ക്ക് മാരകമായി മര്‍ദനമേറ്റതിന്റെ തെളിവുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com