പുരയിടത്തിലെ മരം മുറിക്കാന്‍ അനുമതിയില്ല: ഫോറസ്റ്റ് ഓഫിസില്‍ ആത്മഹത്യാ ഭീഷണി മുഴക്കി കര്‍ഷകന്‍

പുരയിടത്തിലെ മരം മുറിക്കാന്‍ അനുമതിയില്ല: ഫോറസ്റ്റ് ഓഫിസില്‍ ആത്മഹത്യാ ഭീഷണി മുഴക്കി കര്‍ഷകന്‍

കോഴിക്കോട്: താമസിക്കുന്ന ഭൂമിയില്‍ നിന്നു മുറിച്ച മരം മാറ്റാന്‍ അനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകന്റെ ആത്മഹത്യാ ഭീഷണി. ചക്കിട്ടപാറ മുതുകാട് കൊമ്മറ്റത്തില്‍ കെജെ ജോസഫാണ് ഓഫിസിലെ മേശയ്ക്കു മുകളില്‍ കയറിനിന്ന് ഫാനില്‍ കയറുകെട്ടി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാഭീഷണി മുഴക്കിയത്. കോഴിക്കോട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസില്‍ കയറിയാണ് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.  

ഒരാഴ്ചയ്ക്കുള്ളില്‍ അനുകൂല തീരുമാനമെടുക്കാമെന്നു കളക്ടര്‍ സാംബശിവറാവു നേരിട്ടെത്തി ഉറപ്പു നല്‍കിയതോടെ അര മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ചു ജോസഫ് താഴെയിറങ്ങി.

പ്രശ്‌നപരിഹാരത്തിനായി ഇന്നലെ കലക്ടര്‍ വിളിച്ച ചര്‍ച്ച ഡിഎഫ്ഒ പങ്കെടുക്കാത്തതിനാല്‍ മുടങ്ങിയിരുന്നു. തുടര്‍ന്നു ജോസഫ് കലക്ടേറ്റിനു സമീപത്തെ കടയില്‍ നിന്നു കയര്‍ വാങ്ങി കലക്ടറേറ്റ് വളപ്പില്‍ തന്നെയുള്ള ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസിലെത്തി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.

പെരുവണ്ണാമൂഴി ജലസേചന പദ്ധതിക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്കു 1969ല്‍ സര്‍ക്കാര്‍ പകരമായി നല്‍കിയ ഭൂമിയിലാണു ജോസഫും കുടുംബവും താമസിക്കുന്നത്. വീടിനു മുകളിലേക്ക് അപകടകരമായ രീതിയില്‍ ചാഞ്ഞ തേക്കുമരം 8 മാസം മുന്‍പു ജോസഫ് മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ മരം പുരയിടത്തില്‍ നിന്നു നീക്കാന്‍ വനംവകുപ്പ് അനുവദിക്കുന്നില്ലെന്നാണു പരാതി. ഇന്നലെ നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമെടുക്കുമെന്ന് 17നു നടന്ന ചര്‍ച്ചയില്‍ കലക്ടര്‍ ജോസഫിന് ഉറപ്പുനല്‍കിയിരുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യാനായി കലക്ടര്‍ 3നു വീണ്ടും യോഗം വിളിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com