'19 പേരും തോറ്റല്ലോ എന്നോര്‍ത്തപ്പോള്‍ ആശ്വാസം, ആരിഫ് മാത്രം ചെറിയൊരു ദുഃഖം തന്നു' ; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മനസ്സുതുറന്ന് ഇന്നസെന്റ്

ഇരുപത് സീറ്റില്‍ പത്തൊന്‍പത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാര്‍ഥി പതുക്കെ കയറി കയറി വരുന്നുണ്ട്
'19 പേരും തോറ്റല്ലോ എന്നോര്‍ത്തപ്പോള്‍ ആശ്വാസം, ആരിഫ് മാത്രം ചെറിയൊരു ദുഃഖം തന്നു' ; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മനസ്സുതുറന്ന് ഇന്നസെന്റ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പൊതുവേദിയില്‍ മനസ്സുതുറന്ന് മുന്‍ എംപി ഇന്നസെന്റ്. വീട്ടില്‍ ഇലക്ഷന്‍ റിസള്‍ട്ട് കണ്ടുകൊണ്ടിരുന്നപ്പോള്‍, ഞാന്‍ താഴേക്ക് താഴേക്ക് പോകുകയാണ്. ഇതു കണ്ടപ്പോല്‍ എന്റെ മനസ്സിന് ചെറിയൊരു വിഷമം ഉണ്ടായി. അപ്പോള്‍ മറ്റുള്ളവരുടെ കാര്യം എന്താണെന്ന് നോക്കി. ഞാന്‍ മാത്രമല്ല, പത്തൊമ്പതുപേരും തോല്‍ക്കാന്‍ പോകുകയാണല്ലോ എന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്. വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയില്‍ സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസെന്റ് മനസ്സുതുറന്നു. 

'തോറ്റുകഴിഞ്ഞപ്പോള്‍ ഒരാളും എന്നെ വിളിക്കാറില്ല, അല്ലെങ്കില്‍ ഫോണില്‍ ഭയങ്കര വിളികളാണ്. 'ആ തീവണ്ടി കൊരട്ടിയില്‍ നിര്‍ത്തണം, ചാലക്കുടിയില്‍ നിര്‍ത്തണം എന്നിങ്ങനെ'. കൊരട്ടിയില്‍ ട്രെയിന്‍ നിര്‍ത്തിതരണം എന്നു പറഞ്ഞ് സ്ഥിരം വിളിക്കുന്ന ഒരാളുണ്ടായിരുന്നു. ലോകം അവസാനിക്കുന്നതുവരെ ആ തീവണ്ടി കൊരട്ടിയില്‍ നിര്‍ത്തില്ല. അത് എനിക്കറിയാം. പക്ഷെ എംപിയായി പോയില്ലേ. ഈ അപേക്ഷകളുമായി ഞാന്‍ ഡല്‍ഹിയില്‍ ചെല്ലും. മൂന്നാമത്തെ പ്രാവശ്യം ഡല്‍ഹിയില്‍ ചെന്നപ്പോള്‍ മന്ത്രി വേറെ ആരോടോ പറഞ്ഞു. ഇയാള്‍ക്ക് തലയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോയെന്ന്. തിരുവനന്തപുരം വിട്ടാല്‍ എറണാകുളത്താണ് ആ തീവണ്ടിയുടെ സ്‌റ്റോപ്പ്. പിന്നെ വേറെ എവിടെയോ ആണ്. ആ സാധനമാണ് കൊരട്ടിയില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത്.'

'സഹിക്കവയ്യാണ്ടായപ്പോല്‍ അയാള്‍ വിളിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു. നിങ്ങള്‍ക്ക് എന്താണ് വേണ്ടത്. ഈ ട്രെയിന്‍ കൊരട്ടിയില്‍ നിര്‍ത്തിത്തരണം അല്ലേ. നിര്‍ത്തിത്തരാം. പക്ഷേ പിന്നെ ആ ട്രെയിന്‍ മുന്നോട്ടുപോകില്ല. അവിടെ തന്നെ നിക്കും.' ആ മറുപടിയോടു കൂടി അയാള്‍ പിന്നെ വിളിച്ചിട്ടില്ല. പലര്‍ക്കും അങ്ങനെ ചുട്ടമറുപടി കൊടുത്തിട്ടുണ്ട്. പിന്നെ എങ്ങനെ ഞാന്‍ തോല്‍ക്കാതിരിക്കും. അത് എന്റെയൊരു മനസ്സമാധാനം'

എന്റെ വീട്ടില്‍ ഇലക്ഷന്‍ റിപ്പോര്‍ട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ചെയര്‍മാന്‍ ജോസ് ചിറ്റിലപ്പിള്ളി ഉണ്ട്, എന്റെ ഭാര്യയും മക്കളുമുണ്ട്. ഫലം വന്നുകൊണ്ടിരിക്കുമ്പോള്‍ എല്ലാവരും വിചാരിച്ചു ഇപ്പോ ജയിക്കുമെന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി എന്റെ മുകളിലായി. അപ്പോള്‍ എനിക്ക് ചെറിയൊരു വിഷമം വന്നു. ഇതുകണ്ട് ചെയര്‍മാന്‍ എന്നോടുപറഞ്ഞു, 'കയ്പമംഗലം എണ്ണീട്ടില്ല.അപ്പ കാണാം' പക്ഷേ കയ്പമംഗലവും എണ്ണി. ഒന്നു കൂടി ഞാന്‍ താഴേക്ക് വന്നു.

എന്റെ കാര്യം മാത്രമാണോ ഇങ്ങനെയെന്നറിയാന്‍ മറ്റുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യം നോക്കി. അപ്പോഴാണ് മനസമാധാനമായത്. തൃശൂര്‍ മുതല്‍ എല്ലാ സ്ഥലങ്ങളിലും സ്ഥാനാര്‍ഥികള്‍ താഴെ. ഇത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. തോല്‍ക്കാന്‍ പോകുകയാണല്ലോ എന്നൊരു വിഷമം എന്നിലുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ അത് പതിയെ പതിയെ മാറി, പത്തൊന്‍പതുപേരും തോല്‍ക്കാന്‍ പോകുകയാണല്ലോ എന്നായി മനസ്സില്‍. അങ്ങനെ ഓര്‍ത്തപ്പോള്‍ ഒരു ചെറിയ സന്തോഷം. ഇത് മനുഷ്യന്റെ പൊതുസ്വഭാവമാണ്.

ഇരുപത് സീറ്റില്‍ പത്തൊന്‍പത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാര്‍ഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാര്‍ട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോല്‍ക്കുകയാണെങ്കില്‍ എന്നാണ് ഞാന്‍ ആ സമയത്ത് വിചാരിച്ചത്. മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഈ ഇരുപതുപേരില്‍ ഞാന്‍ മാത്രം തോറ്റൂ എന്നു പറഞ്ഞാല്‍ എന്റെ മാനസികാവസ്ഥ എന്താകും. പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ?. ആലപ്പുഴയില്‍ ആരിഫ് മാത്രം എനിക്ക് ചെറിയൊരു ദുഃഖം തന്നു. വളരെ ചെറുതാണ് കേട്ടോ.'ഇന്നസന്റ് പറഞ്ഞു.

നേരത്തെ നാഷണല്‍ അവാര്‍ഡ് പ്രഖ്യാപന സമയത്ത് ഉണ്ടായ സമാനമായ അനുഭവവും ഇന്നസെന്റ് ചടങ്ങിൽ വിവരിച്ചു. നാഷണല്‍ അവാര്‍ഡിന് അമിതാഭ് ബച്ചന്‍, മമ്മൂട്ടി, ഇന്നസെന്റ് എന്നിവരെ പരിഗണിക്കുന്നു എന്നു ചാനലില്‍ സ്‌ക്രോള്‍ പോകുന്നു. പത്താംനിലയിലെ തീവണ്ടി എന്ന ചിത്രത്തിനാണ് എന്നെ പരിഗണിച്ചത്. കുറേക്കഴിഞ്ഞപ്പോള്‍ ഇന്നസെന്റ് ഇല്ല. അമിതാഭ് ബച്ചനും മമ്മൂട്ടിയും മാത്രമായി. അപ്പോള്‍ ഞാന്‍ അവാര്‍ഡ് മമ്മൂട്ടിക്ക് കിട്ടരുതെന്ന് വിചാരിച്ചു. കുറേക്കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയും ഔട്ടായി. ബച്ചന്‍ മാത്രം. അപ്പോഴും ഒരു മനസ്സമാധാനം. 

കുറച്ചുകഴിഞ്ഞപ്പോള്‍ ആ മനസ്സമാധാനം പോയി. തന്നോടൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ച ആള്‍ക്ക് കിട്ടരുതെന്ന് വിചാരിച്ചത് തെറ്റല്ലേയെന്ന് ചിന്തിച്ചു. എന്നോടൊപ്പം അമ്മ എന്ന സംഘടനയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ്. കുടുംബകാര്യങ്ങള്‍ വരെ പരസ്പരം പങ്കുവെച്ചിട്ടുള്ളയാളുകളാണ് മമ്മൂട്ടി. എന്നിട്ടും അങ്ങനെ വിചാരിച്ചത് തെറ്റല്ലേയെന്ന് ചിന്തിച്ചു. അപ്പോഴാണ് കുശുമ്പും കുന്നായ്മയും മനുഷ്യസഹജമാണെന്ന് മനസ്സിലായത്. ഇന്നസെന്റ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com