കഞ്ചാവും മൊബൈലും ഇനി പറന്നുവരില്ല; തടയാന്‍ ഡോഗ് സ്‌ക്വാഡിനെ ഇറക്കി പൊലീസ്

തടവുകാര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നവരേയും നായകള്‍ പിടികൂടും
കഞ്ചാവും മൊബൈലും ഇനി പറന്നുവരില്ല; തടയാന്‍ ഡോഗ് സ്‌ക്വാഡിനെ ഇറക്കി പൊലീസ്

തൃശൂര്‍; വിയ്യൂര്‍ ജയിലിനുള്ളിലെ റെയ്ഡ് തുടരുന്നതിന് ഇടയില്‍ ഇനിയും തടവുകാരിലേക്ക് മൊബൈല്‍ഫോണും കഞ്ചാവും എത്തുന്നത് തടയാനുള്ള നടപടിയുമായി പൊലീസ്. മതിലിന് അപ്പുറത്തുനിന്ന് ജയിലിലേക്ക് കഞ്ചാവും ഫോണും എറിഞ്ഞ് കൊടുക്കുന്നതു കടയാന്‍ ഡോഗ് സ്‌ക്വാഡിനെ ഇറക്കാനാണ് തീരുമാനം. തടവുകാര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നവരേയും നായകള്‍ പിടികൂടും. പ്രത്യേക പരിശീലനം നല്‍കിയാണ് ഡോഗ് സ്‌ക്വാഡുകളെ വിയൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവരുന്നത്.

മതിലിന് പുറത്തുനിന്ന് മദ്യക്കുപ്പിയും കഞ്ചാവുപൊതിയുമെല്ലാം എറിയാന്‍ ശ്രമിച്ചാല്‍ നായകള്‍ കണ്ടെത്തും. കൂടാതെ ജയില്‍ മതിലിന് സമീപം ഒളിപ്പിച്ചുവെച്ച് പിറ്റേന്ന് ജോലിക്കായി പുറത്തിറങ്ങുന്ന തടവുകാര്‍ക്ക് എടുക്കാന്‍ സൗകര്യമൊരുക്കാനും ഇനി ആവില്ല. പ്രതിയെ കടിച്ചില്ലെങ്കിലും ഓടി രക്ഷപ്പെടാനാകാത്തവിധം നായകള്‍ തടഞ്ഞു നിര്‍ത്തും. കേരളത്തിലെ ജയിലുകളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഡോഗ് സ്‌ക്വാഡിനെ വിന്യസിക്കുന്നത്. 

ആറ് നായ്ക്കളാണ് സ്‌ക്വാഡിലുള്ളത്. ഇവയെല്ലാം മതിലിനുപുറത്ത് കറങ്ങി നടക്കും. ജയിലിനുള്ളിലെ പരിശോധനയ്ക്കായാണ് നായ്ക്കളെ ജയില്‍വകുപ്പ് പരിശീലിപ്പിച്ചത്. കേരളത്തില്‍ ജയില്‍ വകുപ്പിന് ഡോഗ് സ്‌ക്വാഡുള്ള ഏക ജയിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലാണ്. വിയ്യൂര്‍ ജയിലിന്റെ മതിലിനോടുചേര്‍ന്ന് റോഡുള്ളതിനാല്‍ അവിടെനിന്ന് മതിലിനകത്തേക്ക് നിരോധിതവസ്തുക്കള്‍ എറിഞ്ഞ് നല്‍കാറുണ്ടായിരുന്നു. മതിലിനകത്ത് എത്തിയ സാധനങ്ങള്‍ പിടികൂടാറുമുണ്ട്. എന്നാല്‍, സാധനങ്ങള്‍ എറിഞ്ഞുനല്‍കിയ ആളുകളെ പിടികൂടാനായിരുന്നില്ല. എന്നാല്‍ ഡോഗ് സ്‌ക്വാഡ് എത്തുന്നതോടെ പ്രതിയും തൊണ്ടിയും പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com