നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്; ഇതുപോലെ ചാക്ക് ചുമക്കുന്ന മന്ത്രിമാരെ കര്‍ണാടകയില്‍ കാണില്ല:  യതീഷ് ചന്ദ്ര

നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്; ഇതുപോലെ ചാക്ക് ചുമക്കുന്ന മന്ത്രിമാരെ കര്‍ണാടകയില്‍ കാണില്ല:  യതീഷ് ചന്ദ്ര

പ്രളയകാലത്ത് ജനങ്ങള്‍ക്കിടയില്‍ കൈ മെയ് മറന്ന് പ്രവര്‍ത്തിച്ച മന്ത്രിമാരെപ്പറ്റി ഓര്‍മ്മിച്ച് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര

തൃശൂര്‍: പ്രളയകാലത്ത് ജനങ്ങള്‍ക്കിടയില്‍ കൈ മെയ് മറന്ന് പ്രവര്‍ത്തിച്ച മന്ത്രിമാരെപ്പറ്റി ഓര്‍മ്മിച്ച് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര.
'കേരളം വിറച്ച പ്രളയകാലം. കണ്‍ട്രോള്‍ റൂമില്‍ കലക്ടര്‍ ടി.വി.അനുപമയ്ക്കും കമ്മിഷണര്‍ക്കും ഒപ്പം തൃശൂരിലെ മൂന്നു മന്ത്രിമാരുമുണ്ട്.വി.എസ്.സുനില്‍കുമാര്‍, എ.സി.മൊയ്തീന്‍, സി.രവീന്ദ്രനാഥ്. പ്രളയത്തിനിടെ സഹായം അഭ്യര്‍ഥിച്ചുള്ള നിരവധി ഫോണ്‍കോളുകള്‍ വരുന്നുണ്ട്. ഓരോ കോളും അറ്റന്‍ഡ് ചെയ്ത് സഹായിക്കാന്‍ മന്ത്രിമാര്‍ രാവുംപകലും കലക്ടര്‍ക്കും കമ്മിഷണര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നു.'- .യതീഷ് ചന്ദ്ര പറയുന്നു.

ആറാട്ടുപുഴയില്‍ കരുവന്നൂര്‍പുഴ വഴിമാറി ഒഴുകിയപ്പോള്‍ മണല്‍ചാക്ക് ചുമന്നു നാട്ടുകാരെ സഹായിച്ച മന്ത്രി വിഎസ് സുനില്‍കുമാറിനെക്കുറിച്ചു പ്രത്യേകം പറഞ്ഞു. 'ഇതുപോലെ ചാക്കു ചുമക്കുന്ന മന്ത്രിമാരെ സ്വന്തം നാടായ കര്‍ണാടകയില്‍ കാണില്ല. കൂലിപ്പണിക്കാരന്‍ ചെയ്യേണ്ട ജോലി പോലും നാടിനുവേണ്ടി ചെയ്യാന്‍ തയാറായ മന്ത്രിമാര്‍ കേരളത്തിലേ കാണൂ. നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്'.- യതീഷ് ചന്ദ്ര പറഞ്ഞു. 

തൃശൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ എസ്എസ്എല്‍സിക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ വിളിച്ച യോഗത്തിലാണു യതീഷ് ചന്ദ്രയുടെ പ്രശംസ. പഠിക്കുമ്പോള്‍ തനിക്കു നൂറില്‍നൂറ് മാര്‍ക്ക് ഒരിക്കലും കിട്ടിയിട്ടില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. പക്ഷേ, നൂറില്‍ 99 മാര്‍ക്കു വരെ ലഭിച്ചിട്ടുണ്ട്. നൂറില്‍ നൂറു മാര്‍ക്ക് കിട്ടുന്നത് അപാരമായ കഴിവു തന്നെയാണ്. ഇങ്ങനെ വിദ്യാര്‍ഥികളെ വിജയിപ്പിച്ചെടുക്കുന്നതില്‍ അധ്യാപകര്‍ക്കും പങ്കുണ്ട്. വെള്ളമൊഴിച്ചു ചെടി നട്ടുവളര്‍ത്തുന്നതു പോലെ അറിവുകള്‍ അധ്യാപകര്‍ കൈമാറിയാണ് വിദ്യാര്‍ഥികളെ വിജയിപ്പിച്ചെടുത്തത്. അവര്‍ വച്ച ചെടികള്‍ വളര്‍ന്നു മരങ്ങളായി മാറി. ആ മരങ്ങളാണ് നിങ്ങള്‍- അദ്ദേഹം പറഞ്ഞു. 

ഓരോരുത്തരുടെയും ഡിഎന്‍എ വേറെ. ഓരോരുത്തരുടേയും വിരലടയാളം വേറെ. ദൈവം വ്യത്യസ്തരായാണ് ഓരോരുത്തരെയും ജനിപ്പിച്ചത്. അതുകൊണ്ട് നിങ്ങള്‍ ഒരോരുത്തരും വ്യത്യസ്തരായിതന്നെ ജീവിക്കണം. നിങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരണം. അവനവന്റെ കഴിവ് മനസ്സിലാക്കി സ്വപ്നം കാണണം. അതിനായി അധ്വാനം ചെയ്യണം- വിദ്യാര്‍ഥികളോട് യതീഷ് ചന്ദ്ര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com