നെടുങ്കണ്ടം കസ്റ്റഡി മരണം : ജൂലൈ 10 നകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി ; വീഴ്ച വരുത്തിയ എല്ലാവര്‍ക്കുമെതിരെ നടപടി ഉണ്ടാകുമെന്ന് ബെഹ്‌റ

കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ബെഹ്‌റ അറിയിച്ചു
നെടുങ്കണ്ടം കസ്റ്റഡി മരണം : ജൂലൈ 10 നകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി ; വീഴ്ച വരുത്തിയ എല്ലാവര്‍ക്കുമെതിരെ നടപടി ഉണ്ടാകുമെന്ന് ബെഹ്‌റ

തിരുവനന്തപുരം : നെടുങ്കണ്ടം പൊലീസിന്റെ ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് ചിട്ടിതട്ടിപ്പ് കേസ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ജൂലായ് 10 നകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. കേസില്‍ വീഴ്ച ഉണ്ടായ എല്ലാവര്‍ക്കെതിരെയും നടപടി ഉണ്ടാകും. വഞ്ചനക്കേസ് ഉള്‍പ്പെടെ എല്ലാകാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു.
 

രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചോ എന്നതും പരിശോധിക്കും. ജയില്‍, ആശുപത്രി അധികൃതരില്‍ നിന്ന് വീഴ്ചയുണ്ടായോ എന്നതും അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു. സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

അതിനിടെ കസ്റ്റഡി മരണത്തിൽ ഇടുക്കി എസ്പിക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ രം​ഗത്തെത്തി. എസ് പിയുടെ പങ്ക് ​ഗൗരവമായി കാണണം. സംഭവത്തിൽ എസ്പിയെ മാറ്റിനിർത്തി അന്വേഷിക്കണം. എസ് പി അറിയാതെ ക്രൂരമായ കസ്റ്റഡി മർദനം ഉണ്ടാകില്ലെന്നും   ശിവരാമൻ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ള രാജ്കുമാർ അവശനിലയിലാണെന്ന്, 13നും 14നും സ്പെഷൽ ബ്രാഞ്ച് എസ്പിക്ക് റിപ്പോർട്ട് നൽകിയിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. 

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസിന് മേൽ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിന് തെളിവാണ് നെടുങ്കണ്ടത്തുണ്ടായ കസ്റ്റഡി മരണമെന്നും ചെന്നിത്തല പറഞ്ഞു. മരിച്ച രാജ്കുമാറിന്റെ വീട് സന്ദർശിച്ചശേഷമായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com