104 മണിക്കൂര്‍ അനധികൃത കസ്റ്റഡി, ക്രൂര മര്‍ദനം; രാജ്കുമാറിന്റെ  പണവും പൊലീസുകാര്‍ കൈക്കലാക്കി; വിവരങ്ങള്‍ പുറത്ത്‌

രാജ്കുമാറിനെ പൊലീസ് പിടികൂടിയതല്ല, നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചതാണെന്നും ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി
104 മണിക്കൂര്‍ അനധികൃത കസ്റ്റഡി, ക്രൂര മര്‍ദനം; രാജ്കുമാറിന്റെ  പണവും പൊലീസുകാര്‍ കൈക്കലാക്കി; വിവരങ്ങള്‍ പുറത്ത്‌

ഇടുക്കി : ഹരിത തട്ടിപ്പുകേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചുകൊന്ന രാജ്കുമാറിനെ അനധികൃതമായി നാലു ദിവസത്തോളം കസ്റ്റഡിയില്‍ വെച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. 104 മണിക്കൂറോളം പൊലീസ് അനധികൃതമായി കസ്റ്റഡിയില്‍വെച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ അടക്കം സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് സംഘം നിഗമനത്തിലെത്തിയത്. ക്രൂരമര്‍ദനത്തിന് വിധേയനായ രാജ്കുമാറിന് ആവശ്യമായ വൈദ്യസഹായവും നല്‍കിയില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. 

അവശനിലയിലായ രാജ്കുമാറിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികില്‍സിച്ചതിനും പൊലീസിന്റെ പക്കല്‍ വ്യക്തമായ രേഖകളില്ല. അനധികൃതമായി പൊലീസ് കസ്റ്റഡിയിലുള്ള രാജ്കുമാറിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഇടുക്കി എസ്പിയുടെ കീഴിലുള്ള സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് സംഘം രണ്ടു തവണ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 13,14 തീയതികളിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് അവഗണിക്കുകയാണ് എസ്പിയും ഡിവൈഎസ്പിയും ചെയ്തതെന്ന വിവരവും പുറത്തുവന്നു. ഇതോടെ രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചത് അറിഞ്ഞില്ലെന്ന ഇടുക്കി എസ്പിയുടെയും ഡിവൈഎസ്പിയുടെയും വാദം കളവാണെന്നും തെളിയുകയാണ്.

രാജ്കുമാറിനെ പൊലീസ് പിടികൂടിയതല്ല, നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചതാണെന്നും ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. പുളിയന്‍മലയില്‍ വെച്ചാണ് രാജ്കുമാറിനെ പിടികൂടിയതെന്നും സ്റ്റേഷനില്‍ എത്തിച്ചതെന്നും നാട്ടുകാര്‍ വ്യക്തമാക്കി. നാട്ടുകാര്‍ പിടികൂടുന്ന സമയത്ത് രാജ്കുമാറിനൊപ്പം രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം രൂപയും പൊലീസിനെ ഏല്‍പ്പിച്ചു. എന്നാല്‍ പൊലീസ് സ്റ്റേഷന്‍ രേഖയില്‍ ഒന്നര ലക്ഷം രൂപ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ശേഷിക്കുന്ന 90,000 രൂപ പൊലീസുകാര്‍ അടിച്ചുമാറ്റിയതായി സംശയമുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഹരിത ചിട്ടി തട്ടിപ്പു പ്രതികളില്‍ നിന്നും നേരത്തെയും പൊലീസ് കൈക്കൂലി വാങ്ങിയിട്ടുള്ളതായും നാട്ടുകാര്‍ പറയുന്നു. 

കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ വീട്ടില്‍ ഭാര്യയുടെയും ബന്ധുക്കളുടെയും മുന്നിലിട്ടും പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു. പാതിരാത്രി വിലങ്ങിട്ട് വീട്ടിലെത്തിച്ച രാജ്കുമാറിനെ ബാര്യയുടെ മുന്നില്‍വെച്ച്, 40 ലക്ഷം രൂപ എവിടേടാ... പണം എടുത്തു തന്നില്ലെങ്കില്‍ നിന്നെ തീര്‍ത്തുകളയുമെന്ന് പൊലീസുകാര്‍ പറഞ്ഞതായി ബന്ധുവും അയല്‍വാസിയുമായ രാജേന്ദ്രന്‍ പറഞ്ഞു. 

വിലങ്ങിട്ട രാജ്കുമാറിനെ കമ്പി വടികൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. കുമാറിനെ പൊലീസ് അടിച്ചുകൊന്നതാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. രാജ്കുമാറിനെ വീട്ടില്‍വെച്ച് മര്‍ദിച്ചിരുന്നുവെന്ന് അമ്മ കസ്തൂരിയും പറഞ്ഞു. രാജ്കുമാറിനെ മര്‍ദിക്കാന്‍ കാരണം പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കാത്തതുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. 20 ലക്ഷം നല്‍കിയാല്‍ ചിട്ടി തട്ടിപ്പുകേസില്‍ നിന്നും രക്ഷിക്കാമെന്ന് നെടുങ്കണ്ടം എസ്‌ഐ പറഞ്ഞതായും നാട്ടുകാര്‍ ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com