ചിട്ടി സ്ഥാപനത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ? രാജ്കുമാർ 25 ദിവസത്തിനിടെ സഞ്ചരിച്ചത് 7300 കിലോമീറ്റർ ; ദുരൂഹതയുടെ ചുരുളഴിക്കാൻ ക്രൈംബ്രാഞ്ച്

ഹരിത ചിട്ടി സ്ഥാപനം പൊലീസ് പൂട്ടുന്നതിന് 25 ദിവസം മുൻപാണ് രാജ്കുമാർ ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകി 8 ലക്ഷം രൂപയുടെ കാർ സ്വന്തമാക്കിയത്
ചിട്ടി സ്ഥാപനത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ? രാജ്കുമാർ 25 ദിവസത്തിനിടെ സഞ്ചരിച്ചത് 7300 കിലോമീറ്റർ ; ദുരൂഹതയുടെ ചുരുളഴിക്കാൻ ക്രൈംബ്രാഞ്ച്

ഇടുക്കി : പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാർ, കസ്റ്റഡിയിലാകുന്നതിന് മുമ്പ് 25 ദിവസത്തിനിടെ സഞ്ചരിച്ചത് 7300 കിലോമീറ്ററെന്ന് ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. എവിടേയ്ക്കായിരുന്നു കുമാറിന്റെ യാത്രകൾ എന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഹരിത ചിട്ടി സ്ഥാപനം പൊലീസ് പൂട്ടുന്നതിന് 25 ദിവസം മുൻപാണ് രാജ്കുമാർ ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകി 8 ലക്ഷം രൂപയുടെ കാർ സ്വന്തമാക്കിയത്. 25 ദിവസത്തിനകം ബാക്കി തുക നൽകാം  എന്ന വ്യവസ്ഥയിൽ ആണ് വാഹനം വാങ്ങിയത്. എന്നാൽ അവധി ദിവസം കഴിഞ്ഞും തുക ലഭിക്കാതെ വന്നതോടെ വാഹന ഇടപാടുകാർ വാഹനം തിരികെ കൊണ്ടുപോയി. 

കാർ 25 ദിവസം കൊണ്ട്  7300 കിലോമീറ്റർ സഞ്ചരിച്ചുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഒരു ദിവസം ശരാശരി 300 കിലോമീറ്ററിൽ അധികം രാജ്കുമാർ സഞ്ചരിച്ചെന്നാണ് വിലയിരുത്തൽ. ഇത് ജില്ലയ്ക്ക് പുറത്തേക്കാണോ ?, ആരെ കാണാൻ വേണ്ടിയാണ് ?, ഇവർക്ക് രാജ്കുമാറുമായുള്ള ബന്ധം തുടങ്ങിയവയെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഹരിത ഫൈനാൻസ് സ്ഥാപനത്തിനു പിന്നിൽ ഹൈറേഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥൻ അടക്കമുള്ള സംഘമാണെന്നും മനോരമ റിപ്പോർട്ടുചെയ്യുന്നു.  ഫൈനാൻസ് സ്ഥാപനത്തിലൂടെ സമ്പാദിച്ച പണം രാജ്കുമാർ ഹൈറേഞ്ചിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും, സുഹൃത്തിനും കൈമാറിയെന്നും രണ്ടാം പ്രതി ശാലിനി പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. തൂക്കുപാലത്തെ വാടക വീട്ടിലേക്ക് ലക്ഷകണക്കിനു രൂപയുടെ ഫർണിച്ചർ രാജ്കുമാർ വാങ്ങിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.

രാജ് കുമാറിന്റെയും കൂട്ടു പ്രതികളുടെയും കയ്യിൽ നിന്നു നെടുങ്കണ്ടം പൊലീസ് പിടിച്ചെടുത്തത് എത ലക്ഷം രൂപ എന്നതുസംബന്ധിച്ചും അവ്യക്തത തുടരുകയാണ്. രാജ്കുമാറിന്റെ പക്കൽ നിന്നും  2.4 ലക്ഷം രൂപ കണ്ടെടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്.  എന്നാൽ, പൊലീസ്  പറയുന്നത് 1.97 ലക്ഷം രൂപയാണ് കണ്ടെത്തിയതെന്നാണ്. കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ 15ന് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞത് 1.17 ലക്ഷം രൂപ കണ്ടെത്തി എന്നുമാണ്. ഇതോടെ പൊലീസ് പണം തട്ടിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആറുപൊലീസുകാരുടെ നേതൃത്വത്തിലുള്ള സംഘമാണ്  വായ്പ തട്ടിപ്പു കേസിലെ പ്രതികളായ രാജ്കുമാർ, ശാലിനി, മ​ഞ്ജു എന്നിവരെ കസ്റ്റഡിയിൽ എടുത്തത്. 

രാജ്കുമാറിനെ 15 നാണ് കസ്റ്റഡിയിൽ എടുത്തതെന്ന പൊലീസിന്റെ വാദവും പൊളിഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാർ 12-ാം തീയതി വൈകിട്ട് 3.30 ന്  പൊലീസ് സ്റ്റേഷന്റെ ഉള്ളിലേക്കു പ്രവേശിക്കുന്ന ചിത്രം മാധ്യമങ്ങൾക്ക് ലഭിച്ചു. ആ സമയം സ്റ്റേഷനിൽ എത്തിയ നാട്ടുകാരനായ ഒരാളാണു ദൃശ്യം പകർത്തിയത്. വായ്പ തട്ടിപ്പു കേസിലെ മുഖ്യ പ്രതികളെ 12 ന് 4.20 ന് പുളിയൻമല ഭാഗത്തു വച്ചാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.  ജനങ്ങളുടെ സാന്നിധ്യത്തിലാണു മൂവരെയും വൈകിട്ട് 5.30 ന്  സ്റ്റേഷനിലെത്തിച്ചത്. ശാലിനിയുടെയും മഞ്ജുവിന്റെയും അറസ്റ്റ് അന്നു രാത്രി രേഖപ്പെടുത്തി. രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ചു. 15 ന് രാത്രി 9.30 നാണു രാജ്കുമാറിന്റെ അറസ്റ്റ് ഔദ്യോഗികമായി  രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com