ഡ്രൈവ് ചെയ്യുമ്പോള്‍ ബ്ലൂടൂത്തും ഹെഡ്‌സെറ്റും ഉപയോഗിച്ചുള്ള ഫോണ്‍വിളി വേണ്ട, ലൈസന്‍സ് പോകും; മുന്നറിയിപ്പ്

മൊബൈല്‍ ഫോണ്‍ മാത്രമല്ല, വാഹനമോടിക്കുന്നയാളുടെ ശ്രദ്ധ ഡ്രൈവിങ്ങില്‍നിന്നു മാറാന്‍ സാധ്യതയുള്ള ഒന്നും വാഹനത്തില്‍ ഉപയോഗിക്കരുത്
ഡ്രൈവ് ചെയ്യുമ്പോള്‍ ബ്ലൂടൂത്തും ഹെഡ്‌സെറ്റും ഉപയോഗിച്ചുള്ള ഫോണ്‍വിളി വേണ്ട, ലൈസന്‍സ് പോകും; മുന്നറിയിപ്പ്

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഇതിനെ മറികടക്കാന്‍ ഹാന്‍ഡ് ഫ്രീയായി മൊബൈല്‍ ഉപയോഗിക്കാന്‍ കഴിയുന്ന പല മാര്‍ഗങ്ങളും ഡ്രൈവര്‍മാര്‍ പിന്തുടരാറുണ്ട്. ബ്ലൂടൂത്ത്, ഹെഡ്‌സെറ്റ്, കാറിന്റെ ലൗഡ്‌സ്പീക്കര്‍ എന്നിവയെല്ലാം വ്യാപകമായ രീതിയിലാണ് ഉപയോഗിക്കുന്നത്. അത്തരത്തില്‍ ഹാന്‍ഡ് ഫ്രീയായി മൊബൈല്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാവുന്ന കുറ്റമാണ് ഇതെന്ന് അറിയിച്ചിരിക്കുകയാണ് കേരള പൊലീസ്. 

ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇത് വ്യക്തമാക്കുന്നത്. മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ, നമ്മോട് സംസാരിക്കുന്ന ആളിന്റെ സാഹചര്യങ്ങളിലേക്ക് വ്യതിചലിക്കപ്പെടുന്നുവെന്നാണ് കേരള പൊലീസ് പറയുന്നത്. അതിനാല്‍ മൊബൈല്‍ ഫോണ്‍ മാത്രമല്ല, വാഹനമോടിക്കുന്നയാളുടെ ശ്രദ്ധ ഡ്രൈവിങ്ങില്‍നിന്നു മാറാന്‍ സാധ്യതയുള്ള ഒന്നും വാഹനത്തില്‍ ഉപയോഗിക്കരുതെന്നുമാണ് കുറിപ്പില്‍ പറയുന്നത്. 

കേരള പൊലീസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു നിയമമുണ്ട്. ഹാന്‍ഡ്‌സ് ഫ്രീ ആയി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന ധാരണയാണ് പൊതുവേയുള്ളത്. മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ, നമ്മോട് സംസാരിക്കുന്ന ആളിന്റെ സാഹചര്യങ്ങളിലേക്ക് വ്യതിചലിക്കപ്പെടുന്നു. ബ്ലൂടൂത്ത്, ഹെഡ്‌സെറ്റ്, കാറിന്റെ ലൗഡ്‌സ്പീക്കര്‍ എന്നിങ്ങനെ ഏതു രീതിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മറ്റൊരാളുമായി സംസാരിക്കുന്നതും സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമം [CMVR 21 (25) ന്റെ ലംഘനവും മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 19 പ്രകാരം ലൈസന്‍സ് സസ്‌പെന്റ് ചെയ്യാവുന്ന കുറ്റമാണ്.

കോണ്‍ട്രാക്ട് കാര്യേജ് വിഭാഗത്തില്‍പ്പെടുന്ന ബസുകള്‍, ടാക്‌സി, ഓട്ടോറിക്ഷ, സ്വകാര്യ കാറുകള്‍ തുടങ്ങിയ വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിനു വിലക്കില്ല. എന്നാല്‍, ഇവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നവിധം ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കാനും പാടില്ല. മൊബൈല്‍ ഫോണ്‍ മാത്രമല്ല, വാഹനമോടിക്കുന്നയാളുടെ ശ്രദ്ധ ഡ്രൈവിങ്ങില്‍നിന്നു മാറാന്‍ സാധ്യതയുള്ള ഒന്നും വാഹനത്തില്‍ ഉപയോഗിക്കരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com