ബൈക്ക് യാത്രക്കാര്‍ക്കടുത്തേക്ക് പാഞ്ഞടുത്ത് കടുവ: ഞെട്ടിപ്പിക്കുന്ന സംഭവം വയനാട്ടില്‍

ബൈക്കിന് പുറകേ അല്‍പ്പം ഓടിയ കടുവ റോഡ് മുറിച്ചു കടന്ന് കാട്ടിനുള്ളിലേക്ക് പോയി മറയുകയാണ് ചെയ്തത്.
ബൈക്ക് യാത്രക്കാര്‍ക്കടുത്തേക്ക് പാഞ്ഞടുത്ത് കടുവ: ഞെട്ടിപ്പിക്കുന്ന സംഭവം വയനാട്ടില്‍

നപാതയിലൂടെ യാത്രചെയ്യുമ്പോള്‍ വന്യമൃഗങ്ങള്‍ ചാടി വീണ് ആക്രമിക്കുന്നതിന്റെയെല്ലാം വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് ഇവിടെ കേരളത്തിലെ വയനാട് ജില്ലയില്‍. പക്ഷേ ഇത് ആക്രമണം വരെ എത്തിയില്ല എന്ന് മാത്രം. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. 

കാടിന് നടുവിലൂടെയുള്ള റോഡിലൂടെ പോകുന്നവര്‍ ദൃശ്യങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനാലാണ് സംഭവം പുറംലോകമറിഞ്ഞത്. മിന്നല്‍ വേഗത്തിലായിരുന്നു റോഡരികില്‍ നിന്നിരുന്ന ഒരു കടുവ ബൈക്ക് യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്തത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി റൂട്ടിലെ പാമ്പ്ര വനപാതയിലാണ് സംഭവം നടന്നത്. 

ബൈക്കിന് പുറകേ അല്‍പ്പം ഓടിയ കടുവ റോഡ് മുറിച്ചു കടന്ന് കാട്ടിനുള്ളിലേക്ക് പോയി മറയുകയാണ് ചെയ്തത്. യാത്രയ്ക്കിടെ അങ്ങനെയൊരു നീക്കം റോഡരികില്‍ നിന്നുണ്ടാവുമെന്ന് ബൈക്ക് യാത്രികര്‍ ഇരുവരും വിചാരിച്ചു കാണില്ല. പാമ്പ്ര എസ്‌റ്റേറ്റിനടുത്തുള്ള ചെതലയം, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളുടെ അതിര്‍ത്തി ഭാഗത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിമിഷങ്ങള്‍ക്കകമാണ് ഭീതിയുണര്‍ത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റുപിടിച്ചത്.

വിവരം ലഭിച്ചതനുസരിച്ച് ചെതലയം റേഞ്ച് ഓഫീസര്‍ വി.രതീശന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം വൈകീട്ട് പ്രദേശത്ത് എത്തിയിരുന്നു. വന്യമൃഗങ്ങള്‍ ധാരാളമുള്ളതിനാല്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും മറ്റ് യാത്രികരും കൂടുതല്‍ ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

വനപാതയായതിനാല്‍ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണിതെന്ന് ചെതയം റേഞ്ച് ഓഫിസര്‍ പറഞ്ഞു. വയനാട്, ബന്ദിപ്പൂര്‍, നാഗര്‍ഹോള മേഖലകള്‍ ഒത്തിണങ്ങിയ വനപ്രദേശമായതിനാല്‍ കടുവകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com