മൃതദേഹം എത്തിച്ചത് ബൈക്കില്‍ ഇരുത്തി; സിമന്റ് കട്ട കെട്ടി കിണറ്റിലേക്ക്; അമ്മയുടെയും കാമുകന്റെയും ക്രൂരത

ജീര്‍ണിച്ച മൃതദേഹം കണ്ടെത്തുന്നത് 19 ദിവസത്തിന് ശേഷം 
മൃതദേഹം എത്തിച്ചത് ബൈക്കില്‍ ഇരുത്തി; സിമന്റ് കട്ട കെട്ടി കിണറ്റിലേക്ക്; അമ്മയുടെയും കാമുകന്റെയും ക്രൂരത

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനി മീരയുടെ കൊലപാതകത്തില്‍ നടുങ്ങി നാട്. കൊലപാതകം ഒളിപ്പിക്കാന്‍ മീരയുടെ അമ്മ പറഞ്ഞ നുണക്കഥകളും നാട്ടുകാരെ അമ്പരപ്പിച്ചു. അകാരണമായി അനീഷ് മീരയെ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമം കൊണ്ട്  മീര വാടക വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മഞ്ജുഷ പൊലീസിനോട് പറഞ്ഞത്.

പത്താം തീയതി നടന്ന സംഭവത്തിനുശേഷം മീരയുടെ മൃതദേഹം ബൈക്കില്‍ നടുക്ക് ഇരുത്തി മഞ്ജുഷയും അനീഷും ചേര്‍ന്ന് ഓടിച്ച് അഞ്ച് കിലോമീറ്ററോളം അകലെ കാരാന്തലയില്‍ അനീഷിന്റെ വീട്ടിന് ചേര്‍ന്നുള്ള  പുരയിടത്തിലെ കിണറ്റില്‍ തള്ളുകയായിരുന്നുവെന്നും മഞ്ജുഷ പൊലീസിനോടു പറഞ്ഞു. വെള്ളത്തില്‍ പൊങ്ങിവരാതിരിക്കാന്‍ മൃതദേഹത്തില്‍ സിമന്റ് കട്ടകള്‍ വച്ചുകെട്ടുകയും ചെയ്തു. കിണറ്റിന് മുകളിലെ വല മാറ്റി മൃതദേഹം തള്ളിയ ശേഷം കിണര്‍ വീണ്ടും വലയിട്ടു മൂടി.

നാട്ടുകാര്‍ പതിവായി സഞ്ചരിക്കുന്ന പ്രദേശത്തെ കിണറ്റില്‍ ഇരുപതു ദിവസത്തോളം ആരുമറിയാതെ മീരയുടെ മൃതദേഹം കിടന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ അറിഞ്ഞത്. അമ്മയ്‌ക്കൊപ്പം മീരയും എവിടെയോ യാത്ര പോയെന്നാണ് അയല്‍വക്കത്തുള്ളവരും കരുതിയിരുന്നത്. അനീഷ് അവിവാഹിതനാണ്. മഞ്ജുഷയുടെ ആദ്യ ഭര്‍ത്താവ് മരിച്ചുപോയിരുന്നു. ഇതിനു ശേഷമാണ് അനീഷുമായി അടുപ്പത്തിലായത്

കരുപ്പൂര്‍ ഹൈസ്‌ക്കൂളിലെ പത്താംക്ലാസ് പരീക്ഷയില്‍ മികച്ച മാര്‍ക്കു നേടിയാണ് മീര വിജയിച്ചത്. അച്ഛന്‍ മരിച്ചതോടെ കൂടുതല്‍ സമയവും മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പമായിരുന്നു കൂടുതലും മീര കഴിഞ്ഞിരുന്നത്.  10ാം തീയതിയാണ് മീരയെ കാണാതായത്. കൊലപാതകം നടന്നതും അന്നുതന്നെയാണെന്നാണൂ പൊലീസ് കരുതുന്നത്

കാണാതായ മകള്‍ തമിഴ്‌നാട്ടിലേയ്ക്ക് പോയെന്നും താനും  അന്വേഷിച്ച് അങ്ങോട്ടേക്ക് പോവുകയാണെന്നുമാണ് ഫോണില്‍ അമ്മ വത്സലയോട് മഞ്ജുഷ പറഞ്ഞത്.  എന്നാല്‍ വത്സല പിന്നെ മഞ്ജുഷയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. വീണ്ടും  ദിവസങ്ങള്‍ കാത്തിരുന്ന ശേഷമാണ് 17നു വല്‍സല പൊലീസില്‍ പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com