ശരീരത്തില്‍ മൊത്തം 22 മുറിവുകള്‍ ; തുടയില്‍ ആഴത്തിലുള്ള ഏഴ് ചതവുകള്‍ ; രാജ്കുമാറിനെ ഉരുട്ടലിന് വിധേയനാക്കി ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തുടയിലും കാല്‍വെള്ളയിലും മുറിവും ചതവുമുണ്ട്. മൂര്‍ച്ഛയില്ലാത്ത ആയുധം കൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്
ശരീരത്തില്‍ മൊത്തം 22 മുറിവുകള്‍ ; തുടയില്‍ ആഴത്തിലുള്ള ഏഴ് ചതവുകള്‍ ; രാജ്കുമാറിനെ ഉരുട്ടലിന് വിധേയനാക്കി ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഇടുക്കി : നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെ പൊലീസ് ഉരുട്ടലിന് വിധേയനാക്കിയെന്ന് റിപ്പോര്‍ട്ട്. തുടയിലും കാല്‍വെള്ളയിലും മുറിവും ചതവുമുണ്ട്. മൂര്‍ച്ഛയില്ലാത്ത ആയുധം കൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തുടയില്‍ ആഴത്തിലുള്ള ഏഴ് ചതവുണ്ട്. ശരീരത്തില്‍ മൊത്തം 22 ചതവുകള്‍ ഉണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശരീരമാസകലം മുറിവും ചതവുമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 

രാജ്കുമാറിന്റെ മരണകാരണം ന്യൂമോണിയയും ശരീരത്തിലെ മുറിവുകളുമാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. നെഞ്ചില്‍ ഏറ്റ ക്ഷതമാണ് ന്യൂമോണിയിലേക്ക് നയിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതോടെ  ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദിച്ചിട്ടില്ലെന്ന പൊലീസിന്റെ വാദം പൊളിയുകയാണ്. രാജ്കുമാറിനെ പിടികൂടിയ നാട്ടുകാരാണ് രാജ്കുമാറിനെ മര്‍ദിച്ചതെന്ന് നേരത്തെ പൊലീസ് അഭിപ്രായപ്പെട്ടിരുന്നു.

രാജ്കുമാറിനെ അനധികൃതമായി 105 മണിക്കൂറും 30 മിനുട്ടും പൊലീസ് കസ്റ്റഡിയില്‍ വെച്ചുവെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞു. ഇക്കാര്യം നിയമസഭയില്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധിച്ചിരുന്നു. 15-ാം തീയതിയാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത്. പിറ്റേന്ന് അറസ്റ്റ് രേഖപ്പെടുത്തിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. 12-ാം തീയതി പൊലീസ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തകാര്യം വിശദീകരിച്ചപ്പോള്‍ അതും മുഖ്യമന്ത്രി നിഷേധിച്ചിരുന്നു.

എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, പൊലീസിന്റെ ക്രൂരമര്‍ദനമാണ് മരണകാരണമെന്ന് തെളിയുന്നു. ഇതോടെ തന്റെ വാദങ്ങള്‍ ശരിയെന്ന് തെളിഞ്ഞു. ഇടുക്കി എസ്പി അറിയാതെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ച് രാജ്കുമാറിനെ ഇത്രയും ക്രൂരമര്‍ദനത്തിന് ഇടയാക്കാനാവില്ല. ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളെല്ലാം ഉരുട്ടല്‍ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പിടി തോമസ് പറഞ്ഞു. വിഷയം നാളെ നിയമസഭയില്‍ ഉന്നയിക്കുമെന്നും പി ടി തോമസ് വ്യക്തമാക്കി. 

രാജ്കുമാറിന്റെ മരണത്തില്‍ സ്‌റ്റേഷന്‍ രേഖകളില്‍ കൃത്രിമം കാണിക്കാന്‍ പൊലീസ് ശ്രമിച്ചതിന് തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചു. 13 ന് രാജ്കുമാറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാന്‍ ശ്രമിച്ചെന്നാണ് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ മായ്ക്കാന്‍ ശ്രമിച്ചു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസെന്ന് വരുത്തിതീര്‍ക്കാനും സ്റ്റേഷനിലെ പൊലീസുകാര്‍ ശ്രമിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com