ശ്യാമളയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ ചീറ്റ്; സാജന്റെ മരണത്തില്‍ ആരും കുറ്റക്കാരല്ലെന്ന് റിപ്പോര്‍ട്ട്

സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതില്‍ നഗരസഭാ സെക്രട്ടറി ഗിരീഷ് തടസ്സവാദങ്ങള്‍ ഉന്നയിച്ചത് വ്യക്തതയ്ക്കു വേണ്ടിയായിരുന്നു
ശ്യാമളയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ ചീറ്റ്; സാജന്റെ മരണത്തില്‍ ആരും കുറ്റക്കാരല്ലെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍; പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ ചീറ്റ്. ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സമിതി നിലപാടെടുത്തതിനു പിന്നാലെയാണ് നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 

സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കാന്‍ ചീഫ് ടൗണ്‍പ്‌ളാനര്‍ വിജിലന്‍സിനേയും ഉത്തരമേഖലാ നഗരകാര്യ ജോയിന്റ് ഡയറക്ടറിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. കെട്ടിടത്തിന് അനുമതി നല്‍കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ചട്ടപ്രകാരമുള്ള നടപടികളേ ഉണ്ടായിട്ടുള്ളൂവെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 20 ന് സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കിയേക്കും.സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതില്‍ നഗരസഭാ സെക്രട്ടറി ഗിരീഷ് തടസ്സവാദങ്ങള്‍ ഉന്നയിച്ചത് വ്യക്തതയ്ക്കു വേണ്ടിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലെ വിശദീകരണം. 

സംഭവത്തില്‍ ശ്യാമളയ്ക്ക് തെറ്റു സംഭവിച്ചിട്ടില്ലെന്നും കെട്ടിടത്തിന് അനുമതി നല്‍കേണ്ടിയിരുന്നത് ഉദ്യോഗസ്ഥരാണെന്നുമായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റവിമുക്തരാക്കപ്പെട്ട സാഹചര്യത്തില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തേക്കില്ല. ആന്തൂരില്‍ ആരംഭിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാതിരുന്നതില്‍ നിരാശനായാണ് സാജന്‍ ആത്മഹത്യ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com