കോഴിക്കോട് ജപ്പാന്‍ജ്വരം; പ്രതിരോധ മാര്‍ഗങ്ങള്‍ ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ്

കോഴിക്കോട് ജപ്പാന്‍ജ്വരം; പ്രതിരോധ മാര്‍ഗങ്ങള്‍ ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ്
കോഴിക്കോട് ജപ്പാന്‍ജ്വരം; പ്രതിരോധ മാര്‍ഗങ്ങള്‍ ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ജപ്പാന്‍ജ്വരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രി അറിയിച്ചു. 

തലച്ചോറിനെ ബാധിക്കുന്ന ഇത്തരം പനി കൂടുതലായി കാണ്ടുവരുന്നത് കുട്ടികളിലാണ്.  മസ്തിഷ്‌കം, കേന്ദ്ര നാഡീവ്യൂഹം എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗം മൂലം മരണവും സംഭവിക്കാം.  കൃത്യമായ ചികിത്സ ലഭിച്ചിട്ടില്ലെങ്കില്‍ രോഗം ഗുരുതരമായി മറ്റ് അവയവങ്ങളെ ബാധിച്ച് മരണത്തിന് കാരണമാകും. ആര്‍ബോവൈറസ് വിഭാഗത്തില്‍പ്പെട്ട ജപ്പാന്‍ജ്വര രോഗാണു പന്നി, കൊക്ക്, മറ്റു പക്ഷികള്‍ എന്നിവയില്‍ കാണപ്പെടുന്നു.  ഈ ജീവികളെ കടിക്കുന്ന ക്യൂലക്‌സ് വിഭാഗം കൊതുകുകളില്‍ ഈ രോഗാണു പ്രവേശിക്കുകയും വളരുകയും പെരുകുകയും ചെയ്യും.  ഇത്തരം കൊതുകുകള്‍ മനുഷ്യരെ കടിക്കുമ്പോള്‍ രോഗാണു മനുഷ്യരില്‍ പ്രവേശിക്കുകയും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.  കെട്ടി നില്‍ക്കുന്ന വെള്ളത്തിലാണ് ഇത്തരം ക്യൂലക്‌സ് കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്.  ഈയിനം കൊതുകുകളെ കോര്‍പ്പറേഷന്‍ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

രോഗ സംക്രമണം തടയാന്‍ കൊതുകുകളെ നശിപ്പിക്കേണ്ടത് അത്യാവശ്യമാണ്.  വളര്‍ച്ചയെത്തിയ കൊതുകുകളെ നശിപ്പിക്കാന്‍ വീടിനകത്തും പുറത്തും ഫോഗിംഗ് സ്‌പ്രെയിംഗ് എന്നിവ നടത്തണം.  രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഒരു പ്രാവശ്യം  ഫോഗിംഗ് സ്‌പ്രെയിംഗ് നടത്തിയതായി ഡി.എം.ഒ അറിയിച്ചു.   കൂടാതെ  കൊതുകിന്റെ ലാര്‍വകളെ നശിപ്പിക്കാന്‍ കൊതുക് വളരുന്ന ഉറവിടങ്ങള്‍ ഇല്ലാതാക്കണം.  

ആഴം കുറഞ്ഞ കിണറുകളിലും ഇത്തരം ലാര്‍വകളെ കാണപ്പെടുന്നതിനാല്‍ ആഴം കുറഞ്ഞ കിണറുകളില്‍ നെറ്റ് ഉപയോഗിച്ച് മൂടണം. കൂടാതെ കൊതുകിന്റെ ലാര്‍വ്വകളെ തിന്നു നശിപ്പിക്കുന്ന ഗപ്പി മത്സ്യങ്ങളെ കിണറുകളില്‍ നിക്ഷേപിക്കുന്നതും ഗുണകരമാകും. കൊതുകു കടി ഏല്‍ക്കാതിരിക്കാന്‍ വ്യക്തി ഗത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.  കൊതുകുനശീകരണം, പരിസരശുചീകരണം എന്നിവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍.  കക്കൂസ് ടാങ്ക്, ടാങ്കില്‍ നിന്നുള്ള വെന്റ് പൈപ്പ് എന്നിവ കൊതുകുകള്‍ പുറത്ത് വരാത്ത വിധം മൂടി വെക്കേണ്ടതും, കന്നുകാലി  തൊഴുത്ത്, പന്നി വളര്‍ത്ത് ഷെഡ് എന്നിവിടങ്ങളില്‍ കൊതുകു വളരുന്ന സാഹചര്യം ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും ഡി.എം.ഒ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com