അധ്യാപികയുടെ കൊലപാതകം  : രക്തം തുടച്ച തോർത്ത് നിർണായക തെളിവ് ? ; ബൈക്കിലെത്തിയ അപരിചിതനെയും പൊലീസ് തേടുന്നു

മരണകാരണം തലയുടെ നെറുകയിലെ ആഴത്തിലുള്ള മുറിവാണെന്നാണ് പ്രാഥമിക നി​ഗമനം
അധ്യാപികയുടെ കൊലപാതകം  : രക്തം തുടച്ച തോർത്ത് നിർണായക തെളിവ് ? ; ബൈക്കിലെത്തിയ അപരിചിതനെയും പൊലീസ് തേടുന്നു

പാഞ്ഞാൾ: റിട്ടയേഡ് അധ്യാപിക ശോഭനയുടെ കൊലപാതകത്തിൽ മൃതദേഹം കിടന്ന മുറിയിൽ നിന്നു കണ്ടെത്തിയ നിലവിളക്കും തോർത്തും നിർണായക തെളിവാകും. മരണകാരണം തലയുടെ നെറുകയിലെ ആഴത്തിലുള്ള മുറിവാണെന്നാണ് പ്രാഥമിക നി​ഗമനം. വീടിന്റെ മുൻവശത്തുനിന്ന്‌ സ്ത്രീകൾ ധരിക്കുന്ന ജാക്കറ്റ്‌ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് വിശദമായ പരിശോധനയ്ക്ക്‌ ഫൊറൻസിക് വിദ​ഗ്ധർക്ക് കൈമാറി. 

അതേസമയം ശോഭനയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊലപാതകശേഷം മൊബൈൽ ഫോൺ നശിപ്പിച്ചതായി അന്വേഷണസംഘം  കരുതുന്നു. രണ്ടുദിവസം മുൻപ് ഇവരുടെ വീടിനു മുൻപിൽ അപരിചിതനായ ഒരാളുടെ ബൈക്ക് നിന്നിരുന്നതായി പ്രദേശവാസികളിൽ ചിലർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. 

വ്യാഴാഴ്ച രാത്രിയോടെയാണ് മരണവിവരം നാട്ടുകാർ അറിയുന്നത്. കട്ടിലിനു താഴെ കിടക്കയിൽ കാലുകൾ ഉയർത്തി മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു. ചുവരിലും തലയിണ, കിടക്ക എന്നിവിടങ്ങളിലും രക്തക്കറയുമുണ്ട്. മൂക്കിൽനിന്നും നെറ്റിയിൽനിന്നും രക്തം ദേഹത്തേക്ക് ഒഴുകിയ നിലയിലുമായിരുന്നു. മുറിയിൽ മദ്യക്കുപ്പിയോടൊപ്പം ഗ്ലാസിൽ മദ്യം ഒഴിച്ചുവച്ചിരുന്നു.

വീടിന്റെ പുറകുവശം അടച്ചിട്ട നിലയിലായിരുന്നു. കൊല നടത്തിയ ശേഷം മുൻവശത്തുകൂടി പുറത്തിറങ്ങിയെന്നാണ് പൊലീസ് കരുതുന്നത്. മൂന്നുദിവസമായി പാലുകാരൻ വീടിനുമുൻപിൽ വെച്ച പാൽ എടുത്തിരുന്നില്ല. ടി വി പ്രവർത്തിച്ചിരുന്നു. മൃതദേഹം കിടന്നിരുന്ന മുറിയല്ല സാധാരണ ഇവർ ഉപയോഗിക്കാറുള്ളതെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ശോഭന സഹോദരന്റെ കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു.

പാഞ്ഞാൾ ഗവ. ഹൈസ്‌കൂളിലെ പ്രൈമറി അധ്യാപികയായിരുന്ന ശോഭന 2011-ലാണ് വിരമിച്ചത്. പുതുക്കാട് ചെങ്ങാലൂർ ആണ് ഇവരുടെ ജന്മസ്ഥലം. വിവാഹശേഷം ഇരുപത് വർഷത്തിലധികമായി പാഞ്ഞാളിൽത്തന്നെയാണ് താമസം. എട്ടുവർഷം മുൻപാണ് ഭർത്താവ് ശ്രീധരൻ മരിച്ചത്. ഇവർക്ക് മക്കളില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com