കോട്ടയത്ത് പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാനാവില്ലെന്ന് മാണി ഗ്രൂപ്പ്; വേണമെങ്കില്‍ പാര്‍ട്ടി വിടാം; പൊട്ടിത്തെറി

പാര്‍ട്ടിക്ക് ലഭിക്കുന്ന ഏക സീറ്റില്‍ മാണി ഗ്രൂപ്പിന്റെ പ്രതിനിധി തന്നെ സ്ഥാനാര്‍ഥിയാകും
കോട്ടയത്ത് പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാനാവില്ലെന്ന് മാണി ഗ്രൂപ്പ്; വേണമെങ്കില്‍ പാര്‍ട്ടി വിടാം; പൊട്ടിത്തെറി

കോട്ടയം: കേരളകോണ്‍ഗ്രസില്‍ പിജെ ജോസഫുമായി സമവായത്തിന്റെ സാധ്യതകള്‍ അസ്തമിക്കുന്നു. പാര്‍ട്ടിക്ക് ലഭിക്കുന്ന ഏക സീറ്റില്‍ മാണി ഗ്രൂപ്പിന്റെ പ്രതിനിധി തന്നെ സ്ഥാനാര്‍ഥിയാകും. പാര്‍ട്ടിക്ക് രണ്ടാംസീറ്റ് ലഭിച്ചാലും സ്റ്റിയറിങ് കമ്മറ്റി കൂടി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

അധികസീറ്റ് സംബന്ധിച്ചുള്ള രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ ശേഷിക്കെയാണ് മാണി ക്യാംപ് നിലപാട് കടുപ്പിക്കുന്നത്. പിജെ ജോസഫിന് സീറ്റ് വാങ്ങി നല്‍കാന്‍ പാര്‍ട്ടി ഇനി മെനക്കെടേണ്ടെന്നാണ് തീരുമാനം. കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പിജെ ജോസഫ് എത്തില്ലെന്നും മാണി ക്യാംപ് ഉറപ്പിക്കുന്നു. കോട്ടയം സീറ്റിലെ സ്ഥാനാര്‍ഥിയെ ചര്‍ച്ചകള്‍ക്ക് ശേഷം കെഎംമാണി തന്നെ പ്രഖ്യാപിക്കും. രണ്ടാംസീറ്റ് ലഭിച്ചാലും ജോസഫിന് ഒഴിവാക്കാനുള്ള വഴികളും മാണി ഗ്രൂപ്പ് കണ്ടെത്തി. സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിക്കാനാണ് തീരുമാനം. 

105 അംഗ കമ്മിറ്റിയില്‍ മാണി ഗ്രൂപ്പിനുള്ള ആധിപത്യം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ജോസഫിനെയും കൂട്ടരെയും പുകച്ച് പാര്‍ട്ടിക്ക് പുറത്തുചാടിക്കുക തന്നെയാണ് മാണി ഗ്രൂപ്പ് ഉന്നം വെയ്ക്കുന്നത്. കോട്ടയം സീറ്റിനായുള്ള ജോസഫിന്റെ പിടിവാശിയും പരസ്യപ്രതികരണവും മറുചേരിയെ പ്രകോപിപ്പിച്ചു. രാജ്യസഭാ സീറ്റ് ജോസ് കെ മാണി ഏറ്റെടുത്തതിനാല്‍ അടുത്ത അവസരം തനിക്ക് നല്‍കണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. അങ്ങനെയൊരു കീഴ് വഴക്കമില്ലെന്നും രാജ്യസഭ, ലോക്‌സഭ സീറ്റുകള്‍ ആദ്യകാലം മുതല്‍ മാണി ഗ്രൂപ്പിന്റെ കൈവശമാണെന്നുമാണ് മറുവാദം. കേരളാ കോണ്‍ഗ്രസ് യോജിച്ചതിന്റെ നേട്ടമൊന്നും കിട്ടിയില്ലെന്ന ജോസഫിന്റെ വാദങ്ങളും മറുപക്ഷം തള്ളി. 

കേരള കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയായ കടുത്തുരുത്തി മോന്‍സ് ജോസഫിന് കെഎം മാണി വിട്ടുനല്‍കിയത് ഉദാഹരണമായി ഉയര്‍ത്തുന്നു. സീറ്റിന് പകരം സ്ഥാനങ്ങള്‍ നല്‍കി ജോസഫിനെ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താനും മാണി വിഭാഗം ഉദ്ദേശിക്കുന്നില്ല. ജോസഫിന് പുറമെ മാണിയും നിലപാട് കടുപ്പിച്ചതോടെ പരിഹാരമില്ലാത്ത വിധം കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com