ജൂണ്‍ ഒന്നിനു മുമ്പായി സംസ്ഥാനത്തെ മുഴുവന്‍ എല്‍പി, യുപി ക്ലാസ് മുറികളും സ്മാര്‍ട്ട് ആകും

ജൂണ്‍ ഒന്നിനു മുമ്പായി സംസ്ഥാനത്തെ മുഴുവന്‍ എല്‍പി, യുപി ക്ലാസ് മുറികളും സ്മാര്‍ട്ട് ആകും
ജൂണ്‍ ഒന്നിനു മുമ്പായി സംസ്ഥാനത്തെ മുഴുവന്‍ എല്‍പി, യുപി ക്ലാസ് മുറികളും സ്മാര്‍ട്ട് ആകും

കണ്ണൂര്‍: അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ എല്‍ പി, യു പി ക്ലാസ്മുറികളും ഹൈടെക് ആകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ധര്‍മ്മടം മണ്ഡലത്തിലെ പെരളശ്ശേരി എ കെ ജി സ്മാരക ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഓരോ മണ്ഡലത്തിലും പ്രദേശത്തെ എം എല്‍ എ മാരുടെ ഫണ്ടില്‍ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഇത്തരത്തില്‍ 141 സ്‌കൂളുകളില്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ സ്‌കൂളാണ് പെരളശ്ശേരി എ കെ ജി സ്മാരക ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്ന് മന്ത്രി പറഞ്ഞു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കി സമൂഹത്തില്‍ ഉന്നതിയിലെത്തിക്കണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്. മികച്ച നിലവാരമുള്ള അന്താരാഷ്ട്ര തലത്തിലെ എല്ലാ പാഠ്യപദ്ധതികളും ഉള്‍പ്പെടുത്തിയാണ് പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന പഠനപ്രവര്‍ത്തനങ്ങള്‍. ജൂണ്‍ ഒന്നിന് മുമ്പ് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്നും ജനകീയ വിദ്യാഭ്യാസത്തിന്റെ മാതൃകയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. 

പെരളശ്ശേരി എ കെ ജി സ്മാരക ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രണ്ട് ഘട്ടങ്ങളിലായി കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 5.08 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആദ്യഘട്ടം നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. അവിടെ നാല് നിലയില്‍ അക്കാദമിക്ക് ബ്ലോക്ക് കെട്ടിടം നിര്‍മ്മിച്ചു. 15 ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, ലൈബ്രറി, പാചകശാല, ഡൈനിംഗ് ഹാള്‍, വിശ്രമമുറി, മൂന്ന് ടോയ്‌ലറ്റ് ബ്ലോക്കുകള്‍ എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്. കിഫ്ബി മാനദണ്ഡപ്രകാരം പ്രത്യേകമായി രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രകചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡുക്കേഷന്‍ എന്ന കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. രണ്ടാം ഘട്ട പ്രവൃത്തികളുടെ ഭാഗമായി ബാക്കിയുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയും പുതിയ അക്കാദമിക് ബ്ലോക്ക് വിപുലപ്പെടുത്തുകയും ചെയ്യും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് കെട്ടിടങ്ങളുടെ നിര്‍മ്മാണ ചുമതല.

ചടങ്ങില്‍ പി കെ ശ്രീമതി എം പി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവധിച്ച സ്‌കൂള്‍ ബസിന്റെ താക്കോല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷില്‍ നിന്ന് ഹെഡ്മാസ്റ്റര്‍ എം കെ പ്രദീപന്‍ ഏറ്റുവാങ്ങി. കൈറ്റ് നോര്‍ത്ത് സോണ്‍ പ്രൊജക്ട് മാനേജര്‍ കെ എച്ച് ഷാനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com