ബിഡിജെഎസ് പിളര്‍ന്നു; എന്‍ഡിഎയില്‍ തുടരുമോയെന്ന് തീരുമാനിക്കും

എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസ് പിളര്‍ന്നു.  ബിഡിജെഎസ് (ഡെമോക്രാറ്റിക്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
ബിഡിജെഎസ് പിളര്‍ന്നു; എന്‍ഡിഎയില്‍ തുടരുമോയെന്ന് തീരുമാനിക്കും

തിരുവനന്തപുരം: എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസ് പിളര്‍ന്നു.  ബിഡിജെഎസ് (ഡെമോക്രാറ്റിക്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.  ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയായിരുന്ന താന്നിമൂട് സുധീന്ദ്രന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ല പ്രസിസന്റായിരുന്ന ചൂഴാല്‍ നിര്‍മ്മലിനെ സ്ഥാനത്ത് നിന്ന് ഏകപക്ഷീയമായി മാറ്റിയതാണ് അതൃപ്തി പൊട്ടിത്തെറിയില്‍ കലാശിക്കാന്‍ കാരണമായത്. 

ഏട്ട് ജില്ലകളില്‍ നിന്നുള്ള നിലവിലെ ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്ക് എത്തുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായിരിക്കുന്നത്. ബിഡിജെഎസിന്റെ സ്വാധീന മേഖലയായ തിരുവനന്തപുരം ജില്ലയെ കേന്ദ്രീകരിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി നേതൃത്വം നേരിട്ട് ഇടപെട്ടിട്ടും ഫലമുണ്ടായില്ല. എന്‍ഡിഎയില്‍ തുടരണമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലാ ഘടകം മാത്രമാണ് പിളര്‍ന്നിരിക്കുന്നത്. പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം സ്വതന്ത്രമായ പാര്‍ട്ടി പ്രവര്‍ത്തനം നടത്താനുള്ള അവസരം ഉണ്ടായിരുന്നില്ലെന്നും ഏകപക്ഷിയമായ നടപടിയാണ് നേതൃത്വം സ്വീകരിച്ചിരുന്നതെന്നുമാണ് പ്രധാന ആരോപണം. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ചുറ്റുമുള്ള ഉപജാപക സംഘമാണ് എല്ലാം നിയന്ത്രിക്കുന്നതെന്നുമുള്ള പരാതി തിരുവനന്തപുരം ഘടകത്തിന് ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ 11മണ്ഡലം പ്രസിഡന്റുമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. ബിഡിജെഎസിന്റെ യുവജന മഹിളാ വിഭാഗവും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com