ബോര്‍ഡില്‍ 'കറാച്ചി' വേണ്ടെന്ന് ചിലര്‍; കോഴിക്കോട്ടെ റെസ്‌റ്റോറന്റിന്റെ പേര് മറച്ചു

പ്രദേശത്തെ ചില വ്യക്തികളുടെ മാത്രം നിലപാടാണു പേരിനോടുള്ള എതിര്‍പ്പെന്ന് വിവിധ സംഘടനകളും വ്യക്തമാക്കിയതായും ഹോട്ടലുടമ 
ബോര്‍ഡില്‍ 'കറാച്ചി' വേണ്ടെന്ന് ചിലര്‍; കോഴിക്കോട്ടെ റെസ്‌റ്റോറന്റിന്റെ പേര് മറച്ചു

കോഴിക്കോട്: ബോര്‍ഡില്‍ 'കറാച്ചി' വേണ്ടെന്ന് ചിലര്‍; റസ്റ്ററന്റിന്റെ പേരിലെ 'കറാച്ചി' ഉടമ മറച്ചു. കോഴിക്കോട് കറാച്ചി ദര്‍ബാര്‍ ഹോട്ടലിന്റെ ബോര്‍ഡിലെ പേരാണ് കഴിഞ്ഞ ദിവസം ഉടമ ജംഷി ഉദയാസ് പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ചത്. പാക്കിസ്ഥാനുമായി അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഹൈദരാബാദിലും ബെംഗളൂരുവിലും കറാച്ചി ബേക്കറികള്‍ക്കുനേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു.  ഈ സാഹചര്യത്തിലാണ് പേരുമറയ്ക്കാനുള്ള ഉടമയുടെ നീക്കം.

ജംഷി ഉദയാസും സഹോദരന്‍മാരും പൊറ്റമ്മല്‍ ജംക്ഷനിലും കടപ്പുറത്തും രണ്ടു കറാച്ചി ദര്‍ബാര്‍ റസ്റ്ററന്റുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പൊറ്റമ്മലിലെ റസ്റ്ററന്റില്‍ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ചിലരാണ് പേരിലെ 'കറാച്ചി' മാറ്റുന്നതിനെക്കുറിച്ച് നിര്‍ദേശിച്ചത്. അന്നതു കാര്യമാക്കിയില്ലെങ്കിലും മൂന്നു ദിവസം കഴിഞ്ഞ് വീണ്ടുമെത്തിയ ഇവര്‍ പേരു മാറ്റുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ചതായും ജംഷി പറഞ്ഞു. ഭീഷണിയൊന്നുമുണ്ടായില്ലെങ്കിലും നിലവിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് പേരിലെ കറാച്ചി മറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് ബോര്‍ഡിലെ 'ക' മറയ്ക്കുകയായിരുന്നു.

ഗള്‍ഫില്‍ ഏറെ പ്രസിദ്ധമായ റസ്റ്ററന്റ് ചെയിനാണ് കറാച്ചി ദര്‍ബാര്‍. ഫൊട്ടോഗ്രാഫറായ ജംഷി ദുബായിലെ കറാച്ചി ദര്‍ബാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചപ്പോഴാണ് ഈ രുചിക്കൂട്ട് കോഴിക്കോട്ട്് പരീക്ഷിച്ചാലോ എന്ന ആശയം തോന്നിയത്. ദുബായിലെ കറാച്ചി ദര്‍ബാറില്‍ ഉപയോഗിക്കുന്ന ഗരം മസാലയും ഇറാനി മസാലയും മാത്രം ഉപയോഗിച്ച് ഭക്ഷണമൊരുക്കുന്നതിനാലാണ് കറാച്ചി ദര്‍ബാര്‍ എന്ന പേരു നല്‍കിയത്. പ്രദേശത്തെ ചില വ്യക്തികളുടെ മാത്രം നിലപാടാണു പേരിനോടുള്ള എതിര്‍പ്പെന്ന് വിവിധ സംഘടനകളും വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com