വഴി ചോ​ദിച്ച് കെണിയിൽപ്പെട്ടു; ലോറിച്ചെലവ് 40,000; ​ഗതാ​ഗതം സ്തംഭിച്ചു

അരിയുടെ ഭാരം കാരണം പിന്നിലേക്ക് ഉരുണ്ട ലോറിയുടെ പിൻഭാഗം റോഡിലെ ടാറിങിൽ ഉടക്കി നിന്നു. ഇതോടെ ഇതു വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെടുകയായിരുന്നു
വഴി ചോ​ദിച്ച് കെണിയിൽപ്പെട്ടു; ലോറിച്ചെലവ് 40,000; ​ഗതാ​ഗതം സ്തംഭിച്ചു

പീരുമേട്: ആന്ധ്രയിൽ നിന്ന് അരിയുമായി എത്തിയ ടോറസ് ലോറിയുടെ ഡ്രൈവർ നാട്ടുകാരനോടു വഴി ചോദിച്ചത് ഡ്രൈവർക്ക് തന്നെ പാരയായി. ഊടുവഴിയിലൂടെ പോയ ലോറി ഒടുവിൽ വഴിയിൽ കുരുങ്ങി. ലോറി കുരുങ്ങിയതോടെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു.

ഉപ്പുതറയിലെ മൊത്ത വ്യാപാരിക്ക് വേണ്ടിയുള്ള അരിയായിരുന്നു ലോറിയിൽ. കുമളി കടന്ന് പഴയ പാമ്പനാറിൽ എത്തിയ ശേഷം സംശയം തീർക്കാനാണ് വഴിയോരത്ത് നിന്ന ആളോട് ഏലപ്പാറയ്ക്കുള്ള വഴി അന്വേഷിച്ചത്. താനും ഇതേ വഴിക്കാണെന്നും എളുപ്പവഴി കാട്ടി തരാമെന്നും പറഞ്ഞ് ഇയാളും ലോറിയിൽ കയറി. കുട്ടിക്കാനം വഴിയുള്ള പ്രധാന പാത ഉപേക്ഷിച്ച് തേയിലത്തോട്ടം വഴിയുള്ള ഇടുങ്ങിയ വഴിയാണ് ഇയാൾ നിർദേശിച്ചത്. റോഡിനെ കുറിച്ച് ധാരണയില്ലാതെ ഡ്രൈവർ ലോറിയോടിച്ചു. കുറെ ദൂരം പിന്നിട്ടപ്പോൾ കൊടും വളവോടു കൂടിയ, കുത്തനെയുള്ള കയറ്റത്തിൽ ലോറി നിന്നു.

അരിയുടെ ഭാരം കാരണം പിന്നിലേക്ക് ഉരുണ്ട ലോറിയുടെ പിൻഭാഗം റോഡിലെ ടാറിങിൽ ഉടക്കി നിന്നു. ഇതോടെ ഇതു വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെടുകയായിരുന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി ലോറി മാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വഴികാട്ടി ഇതിനിടെ സ്ഥലം വിട്ടു. അരി മാറ്റിയ ശേഷം ക്രെയിൻ ഉപയോഗിച്ചാണു ലോറി ഉയർത്തിയത്. രണ്ട് ലോറികളിൽ അരി കയറ്റി വിട്ടതിനും ക്രെയിൻ ഉപയോഗിച്ചതിനും 40,000 രൂപയും ചെലവായി. നീണ്ട ശ്രമത്തിനൊടുവിലാണ് ​ഗതാ​ഗത തടസം നീക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com