ബസ് യാത്രയ്ക്കും ഇനി കാർഡ് മതി

കൊച്ചി മെട്രോ റെയിൽ കോർപറേഷനും (കെഎംആർഎൽ) ആക്സിസ് ബാങ്കും ചേർന്ന് അവതരിപ്പിച്ച കൊച്ചി- വൺ കാർഡ് ബസ് യാത്ര നടത്തുന്നവർക്കും ഇനി ഉപയോ​ഗിക്കാം
ബസ് യാത്രയ്ക്കും ഇനി കാർഡ് മതി

കൊച്ചി: കൊച്ചി മെട്രോ റെയിൽ കോർപറേഷനും (കെഎംആർഎൽ) ആക്സിസ് ബാങ്കും ചേർന്ന് അവതരിപ്പിച്ച കൊച്ചി- വൺ കാർഡ് ബസ് യാത്ര നടത്തുന്നവർക്കും ഇനി ഉപയോ​ഗിക്കാം. ഇപ്പോൾ 50 ബസുകളിൽ ഇതാരംഭിച്ചു. കൂടുതൽ ബസുകളിലേക്ക് ഇത് വ്യാപിപ്പിക്കും. 

പ്രാരംഭ ആനുകൂല്യം എന്ന നിലയിൽ ബസ് യാത്രക്കാർക്ക് കൊച്ചി- വൺ കാർഡ് ഫീസിൽ ഒരു മാസത്തേക്ക് 100 ശതമാനം ഇളവാണ് ബാങ്ക് നൽകുന്നത്. കാർഡ് ഉപയോ​ഗം കൂടുതൽപ്രോത്സാഹിപ്പിക്കുന്നതിന് ബസ് ഓപറേറ്റർമാർ ടിക്കറ്റ് നിരക്കിൽ അഞ്ച് ശതമാനം ഇളവും നൽകും. മെട്രോ യാത്രകൾക്കുള്ള 20 ശതമാനം ഇളവിനും മെട്രോ ട്രിപ് പാസുകൾക്കുള്ള 33 ശതമാനം ഇളവിനും പുറമേയാണിത്. കൊച്ചിയിലെ കച്ചവട സ്ഥാപനങ്ങൾ നൽകുന്ന വിവിധങ്ങളായ ഇളവുകളും യാത്രക്കാർക്ക് നേടാനാവും. ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ ഉടൻ ലഭ്യമാക്കും. 

ബസുകൾ എവിടെ എത്തി എന്നറിയാനും ടിക്കറ്റുകൾ വാങ്ങാനും കാർഡിലെ ബാലൻസ് അറിയാനും ‍ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിച്ച് റീച്ചാർജ് ചെയ്യാനും സാധിക്കും. ആക്സിസ് ബാങ്കിന്റെ തിരഞ്ഞെടുത്ത ശാഖകളിൽ കൊച്ചി- വൺ കാർഡ് വാങ്ങാനും റീച്ചാർജ് ചെയ്യുവാനും സൗകര്യമുണ്ട്. 

കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോ. ഓപറേറ്റീവ് സൊസൈറ്റി, പെർഫെക്ട് ബസ് മെട്രോ സർവീസസ് എൽഎൽപി, കൊച്ചി വീൽസ് യുനൈറ്റഡ് എൽഎൽപി, മാ മെട്രോ എൽഎൽപി, മുസരിസ് എൽഎൽപി, പ്രതീക്ഷ ട്രാൻസ്പോർട്ട് ഓപറേറ്റേഴ്സ് ഓർ​ഗനൈസേഷൻ പ്രൈവറ്റ് ലിമിറ്റഡ്, ​ഗ്രേറ്റർ കൊച്ചിൻ ബസ് ട്രാൻസ്പോർട്ട് എൽഎൽപി എന്നിവയാണ് സേവനം ലഭ്യമാക്കുന്ന സ്വകാര്യ ബസ് ഓപറേറ്റർമാർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com