രഞ്ജിത്ത് വധം : സിപിഎം നേതാവ് ഒളിവില്‍ ; മകളെ ശല്യം ചെയ്തത് ചോദിക്കാന്‍ സരസന്‍പിള്ള വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പോയിരുന്നുവെന്ന് ഭാര്യ

രഞ്ജിത്തിന്റെ കൊലപാതകത്തില്‍ സരസന്‍പിള്ളക്കെതിരായ ആരോപണം സിപിഎം നേരത്തെ നിഷേധിച്ചിരുന്നു
രഞ്ജിത്ത് വധം : സിപിഎം നേതാവ് ഒളിവില്‍ ; മകളെ ശല്യം ചെയ്തത് ചോദിക്കാന്‍ സരസന്‍പിള്ള വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പോയിരുന്നുവെന്ന് ഭാര്യ

കൊല്ലം: വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി മര്‍ദിച്ചു കൊന്ന സംഭവത്തില്‍ സിപിഎം പ്രതിരോധത്തില്‍. സംഭവദിവസം മരിച്ച രഞ്ജിത്തിന്റെ വീട്ടില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സരസന്‍പിള്ള പോയിരുന്നതായി ഭാര്യ വീണ പറഞ്ഞു. മകളെ ശല്യപ്പെടുത്തിയത് കൊണ്ടാണ് രഞ്ജിത്തിന്റെ വീട്ടില്‍ പോയതെന്നും വീണ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറിയായ സരസന്‍ പിള്ള ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രഞ്ജിത്തിന്റെ കൊലപാതകത്തില്‍ സരസന്‍പിള്ളക്കെതിരായ ആരോപണം സിപിഎം നേരത്തെ നിഷേധിച്ചിരുന്നു. സരസന്‍ പിള്ളയ്ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് സിപിഎം അരിനെല്ലൂര്‍ ലോക്കല്‍ സെക്രട്ടറി മധു വ്യക്തമാക്കിയിരുന്നു.  പിടിയിലായ പ്രതി വിനീതും കുടുംബവും കോണ്‍ഗ്രസ് പശ്ചാത്തലമുള്ളവരാണെന്നും പെണ്‍കുട്ടിയെ കമന്റടിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ലോക്കല്‍ സെക്രട്ടറി പറഞ്ഞു. 

എന്നാല്‍ സരസന്‍പിള്ളയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് വീട്ടിലെത്തി അതിക്രമം കാണിച്ചതെന്നാണ് രഞ്ജിത്തിന്റെ ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നത്. കേസില്‍ വിനീതിനെ മാത്രം പ്രതിചേര്‍ത്ത് മറ്റുള്ളവരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു എന്നും വീട്ടുകാര്‍ ആരോപിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നിലും ദൃക്‌സാക്ഷി മൊഴികളിലും സരസന്‍ പിള്ളയുടെ പേരുണ്ടായിട്ടും പ്രതിചേര്‍ക്കാനോ കസ്റ്റഡിയിലെടുക്കാനോ പൊലീസ് ഇത് വരെ തയ്യാറായിട്ടില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം വിനീത് നേരത്തെയും കേസുകളില്‍ ഉല്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അടിപിടിക്കേസുകളില്‍പെട്ടിരുന്ന വിനീത് കേസുകള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു. രഞ്ജിത്തിനെ മര്‍ദിച്ച കേസും ഒതുക്കി തീര്‍ക്കാന്‍ തെക്കുംഭാഗം പൊലീസ് ശ്രമിച്ചിരുന്നതായും, ഇതിനായി രഞ്ജിത്തിന്റെ വീട്ടുകാരെ പൊലീസ് വിളിപ്പിച്ചിരുന്നതായും പിതാവ് വെളിപ്പെടുത്തിയിരുന്നു. 

ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടില്‍ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയില്‍ വാര്‍ഡന്‍ വിനീതിന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ബന്ധുവായ പെണ്‍കുട്ടിയെ കളിയാക്കി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. എന്നാല്‍ സംഭവത്തില്‍ രഞ്ജിത്ത് നിരപരാധിയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com