ഇന്ന് ശിവരാത്രി; ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറം ഒരുങ്ങി

ഇന്ന് ശിവരാത്രി; ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറം ഒരുങ്ങി

തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് നടക്കുന്ന ശിവരാത്രിവിളക്കോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കമാകും

ആലുവ; ശിവരാത്രി ആഘോഷിക്കാന്‍ ആലുവ മണപ്പുറം ഒരുങ്ങി. പൂര്‍വികര്‍ക്ക് ബലിതര്‍പ്പണം അര്‍പ്പിക്കാനായി പതിനായിരക്കണക്കിന് പേരാണ് ആലുവ മണപ്പുറത്തേക്ക് എത്തുക. ഇന്ന് രാത്രി ആരംഭിക്കുന്ന ബലി തര്‍പ്പണം ചൊവ്വാഴ്ച പുലര്‍ച്ചെ വരെയാണ് നീളുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറത്ത് എത്തുന്നത്. 

ദേവസ്വം ബോര്‍ഡും ആലുവ നഗരസഭയും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്നാണ് വിശ്വാസികള്‍ക്ക് സുരക്ഷയും സൗകര്യവും ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് നടക്കുന്ന ശിവരാത്രിവിളക്കോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കമാകും. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം ബലിതര്‍പ്പണം ആരംഭിക്കും.

ചൊവ്വാഴ്ച പുലര്‍ച്ചയോടെ ബലി അര്‍പ്പിച്ച് വിശ്വാസികള്‍ മടങ്ങിത്തുടങ്ങും. ചൊവ്വാഴ്ച പൂര്‍ണമായും കുംഭമാസത്തിലെ കറുത്തവാവായതിനാല്‍ ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയും തര്‍പ്പണം നടത്താന്‍ കഴിയും. നിരവധി ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. അഞ്ഞൂറിലിധം പേര്‍ കര്‍മികളും സഹായികളുമായി മണപ്പുറത്തുണ്ടാകും. 75 രൂപയാണ് ബലിതര്‍പ്പണം നടത്തുന്നതിന് ഫീസ്. കൂടുതല്‍ തുക ഈടാക്കുന്നവരെ കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെയും പോലീസിനെയും നിയോഗിച്ചു കഴിഞ്ഞു.

മണപ്പുറത്തേക്കുള്ള കല്‍പ്പടവുകളില്‍ മണല്‍ച്ചാക്കുകള്‍ വിരിച്ച് കഴിഞ്ഞു. കടവുകളോട് ചേര്‍ന്ന് പെരിയാറില്‍ സുരക്ഷയ്ക്കായി ഇരുമ്പുബാരിക്കേഡുകളും തീര്‍ത്തിട്ടുണ്ട്. നേവിയുടെ മുങ്ങല്‍ വിദഗ്ധരുടെ സേവനവും മണപ്പുറത്ത് ലഭ്യമാക്കിയിട്ടുണ്ട്. നിരവധി വാച്ച്ടവറുകളില്‍ മുഴുവന്‍ സമയം പോലീസ് നിരീക്ഷണമുണ്ടാകും. സി.സി.ടി.വി. ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com