'കൊല്ലാന്‍ തന്നെയാണ് വന്നത്, കുളിച്ചുകൊണ്ടിരുന്ന ബഷീറിനെ വീട്ടില്‍ കയറി കുത്തി'; ചിതറ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്

കൊല്ലപ്പെട്ട ബഷീര്‍ തന്നെ മര്‍ദിച്ചിരുന്നെന്നും അതിന്റെ പ്രതികാരം തീര്‍ക്കാനാണ് താന്‍ വന്നതെന്നുമാണ് ഷാജഹാന്‍ പറഞ്ഞത്
'കൊല്ലാന്‍ തന്നെയാണ് വന്നത്, കുളിച്ചുകൊണ്ടിരുന്ന ബഷീറിനെ വീട്ടില്‍ കയറി കുത്തി'; ചിതറ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്

കൊല്ലം; ചിതറയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബഷീറിന്റെ കൊലപാതകം വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്ന് പ്രതിയുടെ മൊഴി. കപ്പ വില്‍പ്പനയ്ക്കിടെ അടിപിടിയുണ്ടായിരുന്നു. കൊല്ലപ്പെട്ട ബഷീര്‍ തന്നെ മര്‍ദിച്ചിരുന്നെന്നും അതിന്റെ പ്രതികാരം തീര്‍ക്കാനാണ് താന്‍ വന്നതെന്നുമാണ് ഷാജഹാന്‍ പറഞ്ഞത്. തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. 

'ബഷീര്‍ കുളിച്ചുകൊണ്ടിരുന്ന സമയത്താണ് വീട്ടില്‍ കയറി കുത്തിയത്. കൊല്ലാന്‍ തന്നെയാണ് വന്നത്.'ഷാജഹാന്‍ പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് നേരത്തെ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അതും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞിരുന്നു. 

കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെടാ എന്ന് കുത്തിയ ശേഷം പ്രതി ഷാജഹാന്‍ വിളിച്ച് പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

സഞ്ചി ബഷീറേ കിഴങ്ങുണ്ടോയെന്ന് പ്രതി വിളിച്ച് കളിയാക്കി. ഇത് ബഷീര്‍ ചോദ്യം ചെയ്തത് ഷാജഹാനെ ചൊടിപ്പിച്ചു. ബഷീര്‍ സിപിഎം അനുഭാവിയാണെന്നും പ്രതി ഷാജഹാന്‍ പരിസരവാസികള്‍ക്ക് സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 

ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയത് പെരിയ ഇരട്ടക്കൊലകേസിന് കോണ്‍ഗ്രസ് നല്‍കിയ തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. പെരിയ ഇരട്ടക്കൊലയ്ക്ക് തിരിച്ചടി നല്‍കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമുളളതല്ലെന്ന് പറഞ്ഞ് സിപിഎം ആരോപണം തളളി ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. കപ്പ വില്‍പ്പനയെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ബഷീറിന്റെ സഹോദരി അഫ്താബീവി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com