തെരഞ്ഞെടുപ്പ് ചൂടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍; കോണ്‍ഗ്രസില്‍ ഇന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയചര്‍ച്ച ആരംഭിക്കും; സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം

കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എംപിമാരെയും മത്സരിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ തോറ്റ എട്ട് മണ്ഡലങ്ങള്‍ ഉള്‍പ്പടെ ഒമ്പത് ഇടത്ത് ഇത്തവണ പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയേക്കും
തെരഞ്ഞെടുപ്പ് ചൂടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍; കോണ്‍ഗ്രസില്‍ ഇന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയചര്‍ച്ച ആരംഭിക്കും; സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം

തിരുവനന്തപുരം; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം കൊഴുക്കുന്നു. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. സിപിഐയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇന്നുണ്ടായേക്കും. സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കുന്ന പേരുകള്‍ ദേശിയ നേതത്വം അംഗീകരിക്കുന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകും. തിരുവനന്തപുരത്ത് ആനി രാജയേയും ബിനോയ് വിശ്വമിനേയുമാണ് പരിഗണിക്കുന്നത്. 

കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എംപിമാരെയും മത്സരിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ തോറ്റ എട്ട് മണ്ഡലങ്ങള്‍ ഉള്‍പ്പടെ ഒമ്പത് ഇടത്ത് ഇത്തവണ പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയേക്കും. സിറ്റിങ് എം പിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, കെ വി തോമസ്, എം കെ രാഘവന്‍, പത്തനംതിട്ട ഡിസിസിയില്‍ എതിര്‍പ്പുകളുണ്ടെങ്കിലും ആന്റോ ആന്റണി എന്നിവര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി. ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന നിലപാടില്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടരുന്നുണ്ടെങ്കിലും വടകരയില്‍ നിന്ന് മറ്റാരുടേയും പേര് ഡിസിസി നല്‍കിയിട്ടില്ല. 

മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ അവകാശവാദവുമായി രംഗത്തെത്തിയതോടെ വയനാട് മണ്ഡലത്തിലെ പേരുകള്‍ നല്‍കേണ്ടെന്നാണ് ഡിസിസിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എം എം ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍, ടി സിദ്ദിഖ്, വിവി പ്രകാശ്, കെ സി അബു തുടങ്ങിവരാണ് രംഗത്തുള്ളത്. ഇതില്‍ ടി സിദ്ദിഖിനാണ് കൂടുതല്‍ സാധ്യത എന്നാണ് സൂചന. കാസര്‍കോഡ് ജില്ലാ കമ്മറ്റി നല്‍കിയ പട്ടികയില്‍ ഡിസിസി അധ്യക്ഷന്‍ ഹക്കിം കുന്നില്‍, എ പി അബ്ദുള്ളക്കുട്ടി, സുബ്ബയ്യറായ് എന്നിവരാണുള്ളത്. 

കെ സുധാകരനേയും സതീശന്‍ പാച്ചേനിയേയുമാണ് കണ്ണൂരില്‍ പരിഗണിക്കുന്നത്. വി കെ ശ്രീകണ്ഠന്‍, എം ചന്ദ്രന്‍ എന്നിവരെ പാലക്കാടും സുനില്‍ ലാലൂര്‍, സുധീര്‍ പള്ളുരുത്തി, കെ എ തുളസി എന്നിവരെ ആലത്തൂരും പരിഗണിക്കുന്നു. വി എം സുധീരന്‍, ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍ എന്നിവരുടെ പേരുകള്‍ തൃശൂര്‍ ചാലക്കുടി മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. 

കെ പി ധനപാലനാണ് ചാലക്കുടി മണ്ഡലത്തില്‍ പരിഗണിക്കുന്ന മറ്റൊരു വ്യക്തി. ഡീന്‍ കുര്യാക്കോസ്, ഡോ നിജി ജസ്റ്റിന്‍ എന്നിവര്‍ തൃശൂരില്‍ നിന്നുള്ള പട്ടികയിലുണ്ട്. ഡീന്‍ കുര്യാക്കോസ്, റോയ് കെ പൗലോസ്, മാത്യു കുഴല്‍നാടന്‍ എന്നിവരുടെ പട്ടികയാണ് ഇടുക്കി ജില്ലാകമ്മറ്റി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com