ഉമ്മന്‍ ചാണ്ടി, അടൂര്‍ പ്രകാശ്.. കോണ്‍ഗ്രസ് പട്ടികയില്‍ മുതിര്‍ന്ന നേതാക്കള്‍ വരും; സിറ്റിങ് എംപിമാരില്‍ ചിലര്‍ പുറത്തേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സിറ്റിങ് എംപിമാര്‍ എല്ലാവരും ഉണ്ടാവില്ലെന്ന് സൂചന
ഉമ്മന്‍ ചാണ്ടി, അടൂര്‍ പ്രകാശ്.. കോണ്‍ഗ്രസ് പട്ടികയില്‍ മുതിര്‍ന്ന നേതാക്കള്‍ വരും; സിറ്റിങ് എംപിമാരില്‍ ചിലര്‍ പുറത്തേക്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സിറ്റിങ് എംപിമാര്‍ എല്ലാവരും ഉണ്ടാവില്ലെന്ന് സൂചന. വിജയ സാധ്യത മാത്രം മാനദണ്ഡമായി സ്ഥാനാര്‍ഥികളെ നിശ്ചയിക്കണമെന്നും സിറ്റിങ് എംപിമാരുടെ സ്വീകാര്യത പരിശോധിക്കണമെന്നും ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പു സമിതി യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ഇതു പൊതുവേ അംഗീകരിക്കപ്പെട്ടതായാണ് നേതാക്കള്‍ നല്‍കുന്ന സൂചനകള്‍.

പത്തനംതിട്ട മണ്ഡലത്തിലേക്കായി ഡിസിസി തയാറാക്കിയ പട്ടികയില്‍ സിറ്റിങ് എംപി ആന്റോ ആന്റണിയുടെ പേര് ഇല്ലാതിരുന്നത് വാര്‍ത്തയായിരുന്നു. ആന്റോ ആന്റണിയെ ഒഴിവാക്കിയതില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അതൃപ്തി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഗ്രൂപ്പു പോര് പ്രകടമാവും വിധത്തില്‍ സിറ്റിങ് എംപിയെ ഒഴിവാക്കിയതിലാണ് മുകുള്‍ വാസ്‌നിക് അതൃപ്തി പ്രകടിപ്പിച്ചതെന്നും സിറ്റിങ് എംപിമാര്‍ക്ക് ഉറപ്പായും സീറ്റു നല്‍കുക എന്ന നിര്‍ദേശം പാര്‍ട്ടിക്കു മുന്നില്‍ ഇല്ലെന്നും നേതാക്കള്‍ പറയുന്നു. ഇത്തരമൊരു ധാരണയുടെ അടിസ്ഥാനത്തില്‍ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയ എംപിമാര്‍ക്കു പിന്‍വാങ്ങേണ്ടി വരുമെന്നാണ് ഇവര്‍ ഉറപ്പിച്ചു പറയുന്നത്.

വിജയ സാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നതിലെ മാനദണ്ഡമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ വ്യക്തമാക്കി. ഇതിനോട് കാര്യമായി ആരും എതിര്‍പ്പു പ്രകടിപ്പിച്ചില്ല. വിഎം സുധീരന്‍, കെ സുധാകരന്‍, പിസി ചാക്കോ, പിജെ കുര്യന്‍, പന്തളം സുധാകരന്‍ എന്നിവര്‍ ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റിനു ശക്തമായ പിന്തുണ അറിയിച്ചു രംഗത്തുവന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിറ്റിങ് എംപി എന്നത് ഉള്‍പ്പെടെയുള്ള പരിഗണന കാര്യമാക്കേണ്ടതില്ലെന്നും വിജയ സാധ്യത മാത്രം നോക്കിയാല്‍ മതിയൈന്നും മുകുള്‍ വാസ്‌നിക്കും നിലപാടെടുത്തു.

സിറ്റിങ് എംഎല്‍എമാരെ സ്ഥാനാര്‍ഥിയാക്കുകയെന്ന നിര്‍ദേശം കോണ്‍ഗ്രസിന്റെ പരിഗണനയില്ല. അതേസമയം മുതിര്‍ന്ന നേതാക്കളില്‍ ചിലരെങ്കിലും പട്ടികയില്‍ വേണമെന്ന ആവശ്യം ശക്തവുമാണ്. ഉമ്മന്‍ ചാണ്ടിയും അടൂര്‍ പ്രകാശും സ്ഥാനാര്‍ഥികളാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. പിജെ കുര്യന്‍, ബെന്നി ബെഹന്നാന്‍, കെ സുധാകരന്‍ എന്നിവരുടെ പേരും ചര്‍ച്ചകളിലുണ്ട്.

ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ഥിയാവുന്നതു സംബന്ധിച്ച് നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഗ്രൂപ്പ് ഭേദമില്ലാതെ നേതാക്കള്‍ ഇതിനെ അനുകൂലിച്ചു രംഗത്തുവരികയും ചെയ്തു. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ഥിയാവുന്നത് സംസ്ഥാനത്തുടനീളം പ്രവര്‍ത്തകരില്‍ ഉണര്‍വുണ്ടാവുമെന്നാണ്, അദ്ദേഹത്തിന്റെ സ്ഥാനര്‍ഥിത്വത്തിനു വേണ്ടി ചരടു വലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കണമെങ്കില്‍ മാണി ഗ്രൂപ്പുമായി സീറ്റു മാറ്റം വേണ്ടിവരും. ഇതിനുള്ള ചര്‍ച്ചകളും പിന്നാമ്പുറത്തു നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. അടൂര്‍ പ്രകാശിനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com