സിപിഎമ്മിന്റെ നാല് സിറ്റിംഗ് എംപിമാര്‍ വീണ്ടും, പി കരുണാകരന്‍ പുറത്ത് ; ജെഡിഎസിന് സീറ്റില്ല

സിപിഎമ്മിന്റെ നാല് സിറ്റിംഗ് എംപിമാര്‍ വീണ്ടും, പി കരുണാകരന്‍ പുറത്ത് ; ജെഡിഎസിന് സീറ്റില്ല

ചാലക്കുടിയില്‍ നിലവിലെ എംപിയും നടനുമായ ഇന്നസെന്റിനെ മല്‍സരിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയായില്ല

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായി. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായത്. നാലു സിറ്റിംഗ് എംപിമാര്‍ വീണ്ടും മല്‍സരിക്കും. ജനതാദള്‍ എസിന് ഇത്തവണ സീറ്റ് നല്‍കേണ്ടെന്നും സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കോട്ടയത്ത് സിപിഎം മല്‍സരിക്കും. 

പാലക്കാട് എം ബി രാജേഷ്, കണ്ണൂര്‍ പി കെ ശ്രീമതി, ആലത്തൂര്‍ പി കെ ബിജു, ആറ്റിങ്ങല്‍ എ സമ്പത്ത് എന്നിവരെ വീണ്ടും സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചു. രാജേഷിന്റേയും സമ്പത്തിന്റെയും മൂന്നാംടേമാണ്. ഇടുക്കിയില്‍ നിലവിലെ എംപി ജോയ്‌സ് ജോര്‍ജ് ഇടതു സ്വതന്ത്രനായി വീണ്ടും മല്‍സരിക്കും. അതേസമയം കാസര്‍കോട് എംപി പി കരുണാകരന്‍ മല്‍സരരംഗത്തുണ്ടാകില്ല. ഇവിടെ മുന്‍ ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രനെയാണ് പരിഗണിക്കുന്നത്. 

ചാലക്കുടിയില്‍ നിലവിലെ എംപിയും നടനുമായ ഇന്നസെന്റിനെ മല്‍സരിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയായില്ല. ഇക്കാര്യത്തില്‍ പാര്‍ലമെന്ററി സമിതിയുടെ അഭിപ്രായം അറിഞ്ഞശേഷം തീരുമാനം എടുക്കാമെന്നാണ് ധാരണ. ചാലക്കുടിക്ക് പുറമേ, എറണാകുളത്തും ഇന്നസെന്റിന്റെ പേര് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. കൊല്ലത്ത് കെ എന്‍ ബാലഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കാനും ധാരണയായിട്ടുണ്ട്. 

കോട്ടയത്ത് സുരേഷ് കുറുപ്പ് എംഎല്‍എ, വി എന്‍ വാസവന്‍, പി കെ ഹരികുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. 2014 ൽ ജെഡിഎസിനേ കോട്ടയം സീറ്റ് നൽകിയത് പ്രത്യേക സാഹചര്യത്തിലാണെന്നും സിപിഎം സെക്രട്ടേറിയറ്റിൽ അഭിപ്രായം ഉയർന്നു. സംസ്ഥാനത്ത് 16 സീറ്റുകളില്‍ മല്‍സരിക്കണമെന്നാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന നിര്‍ദേശം. ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് സെക്രട്ടേറിയറ്റില്‍ വ്യക്തതയായിട്ടില്ല. 

ചാലക്കുടിയില്‍ പി രാജീവ്, വടകരയില്‍ മുഹമ്മദ് റിയാസ്, കോഴിക്കോട് എ.പ്രദീപ് കുമാര്‍, പത്തനംതിട്ടയില്‍ രാജു എബ്രഹാം, മലപ്പുറത്ത് എസ്എഫ്ഐ ഏഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു എന്നിവരുടെ പേരുകൾ പരി​ഗണനയിലുണ്ട്. മലപ്പുറത്തും പൊന്നാനിയിലും പൊതുസ്വതന്ത്രരെ പരീക്ഷിക്കുന്ന കാര്യവും പാർട്ടി പരി​ഗണിക്കുന്നു.  

ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുക. ഇന്ന് സെക്രട്ടേറിയറ്റ് തയാറാക്കുന്ന പട്ടിക നാളെ ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യും. മറ്റന്നാള്‍ മുതല്‍ ചേരുന്ന സംസ്ഥാന സമിതിക്കു ശേഷം കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com