പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും; ഇല്ലെങ്കില്‍ ഇല്ലായെന്ന് ഇന്നസെന്റ്

മണ്ഡലം കമ്മിറ്റി പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്ന് ഇന്നസെന്റ്
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും; ഇല്ലെങ്കില്‍ ഇല്ലായെന്ന് ഇന്നസെന്റ്

കൊച്ചി: ചാലക്കുടിയില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇന്നെന്റ് എംപി.ഇനി മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി പറയുന്നതെങ്കില്‍ അങ്ങനെ ചെയ്യുമെന്ന് ഇന്നസെന്റ് പറഞ്ഞു. മണ്ഡലം കമ്മിറ്റി പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്ന് ഇന്നസെന്റ് മാധ്യമങ്ങളോട് പറഞ്ഞു

ഇന്നസെന്റിന് ഒരു അവസരം കൂടി നല്‍കാനുളള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടി ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റി യോഗം എതിര്‍പ്പറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നസെന്റിനു പകരം പി രാജീവിനെയോ, മുന്‍ എംഎല്‍എ സാജു പോളിെനയോ മല്‍സരിപ്പിക്കണമെന്ന പൊതുവികാരമാണ് യോഗത്തിലുയര്‍ന്നത്. അതേസമയം എറണാകുളം മണ്ഡലത്തില്‍ പി.രാജീവിന്റെ പേര് പാര്‍ലമെന്റ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.

ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തവരില്‍ മൂന്നു പേരൊഴികെ മറ്റെല്ലാവരും ഇന്നസെന്റിന്റെ വിജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം മണ്ഡലത്തില്‍ പ്രകടമായ ഇന്നസെന്റിന്റെ അസാന്നിധ്യം പരാജയത്തിനു വഴിവയ്ക്കുമെന്ന വിമര്‍ശനമാണ് പൊതുവില്‍ ഉയര്‍ന്നത്. ഇന്നസെന്റിന് വീണ്ടും അവസരം നല്‍കുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടി സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന വികാരവും യോഗത്തില്‍ ഉയര്‍ന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.രാജീവിനും,പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ സാജു പോളിനും ഇന്നസെന്റിനെക്കാള്‍ വിജയസാധ്യതയുണ്ടെന്ന വികാരവും യോഗത്തിലുയര്‍ന്നതോടെ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടുകയായിരുന്നു. 

എന്നാല്‍ എറണാകുളത്ത് പി രാജീവിനെ സ്ഥാനാര്‍ഥിയാക്കാനുളള സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ഏകകണ്ഠമായി തന്നെ പാര്‍ലമെന്റ് കമ്മിറ്റി യോഗം അംഗീകരിച്ചു. രണ്ടു മണ്ഡലങ്ങളിലേക്കും ഒരു പേര് ഒരു പോലെ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാകും ഇനി നിര്‍ണായകമാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com