'വുമണ്‍ സ്പീക്കിംഗ്' കെണിയില്‍ വീണു ; നിരന്തരം ചാറ്റ് ചെയ്തപ്പോള്‍ നേരില്‍ കാണാന്‍ മോഹം ; തട്ടിക്കൊണ്ടുപോകല്‍, അറസ്റ്റ്

കണ്ണൂരില്‍ രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയത് സമൂഹമാധ്യമത്തിലെ പെണ്‍കെണി ഉപയോഗിച്ചെന്ന് പൊലീസ് കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയത് സമൂഹമാധ്യമത്തിലെ പെണ്‍കെണി ഉപയോഗിച്ചെന്ന് പൊലീസ് കണ്ടെത്തി. കയ്യൂര്‍, ഉദയഗിരി സ്വദേശികളായ രണ്ട് യുവാക്കളെയാണ് അക്രമിസംഘം തട്ടിക്കൊണ്ടുപോയി മൂന്നുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. സംഭവത്തില്‍ നാലുപേര്‍ പൊലീസിന്റെ പിടിയിലായി. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. മൊബൈലിലെ ഒരു പ്രത്യേക ആപ്ലിക്കേഷനില്‍ 'വുമണ്‍ സ്പീക്കിങ്' എന്ന ഓപ്ഷന്‍ യുവാക്കള്‍ സന്ദര്‍ശിച്ചു. അതില്‍ ഒരുപാട് സ്ത്രീകളുടെ ചിത്രങ്ങളും അവരോട് ചാറ്റ് ചെയ്യാനും കഴിയും. ഇതില്‍ ചാറ്റ് ചെയ്തപ്പോഴാണ് യുവാക്കളെ സംഘം കുടുക്കിയത്. യുവാക്കളുടെ നമ്പറിലേക്ക് സംഘം തന്നെ സ്ത്രീയെന്ന നിലയില്‍ ചാറ്റ് ചെയ്തു. ആ പെണ്‍കെണിയില്‍ യുവാക്കള്‍ വീണു. നിരന്തരം ചാറ്റ് ചെയ്തപ്പോള്‍ നേരില്‍ കാണാമെന്നും കണ്ണൂരില്‍ എത്തണമെന്നും സംഘം ആവശ്യപ്പെട്ടു. യുവാക്കള്‍ കാറുമായി കണ്ണൂരിലെത്തി. വീണ്ടും അവരോട് വ്യാജ ചാറ്റുകാരിയായ 'സ്ത്രീ' കണ്ണൂര്‍ മാളില്‍ എത്താന്‍ പറഞ്ഞു. 

എന്നാല്‍, കാത്തിരുന്ന യുവാക്കള്‍ക്ക് സമീപം എത്തിയത് നാലുപേരടങ്ങിയ സംഘമാണ്. കാറില്‍ ഇടിച്ചുകയറിയ അവര്‍ യുവാക്കളെയും കൊണ്ട് രാത്രി പയ്യാമ്പലത്ത് പോയി. അവിടെവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബക്കളത്തെ ഒരു കേന്ദ്രത്തില്‍ എത്തിച്ച് മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു.തുടര്‍ന്ന് ബന്ധുക്കളെ വിളിച്ച് മോചനദ്രവ്യമായി മൂന്നുലക്ഷവും പിന്നീട് രണ്ട് ലക്ഷവും ആവശ്യപ്പെട്ടു. 

ഒരാളുടെ സഹോദരന്‍ പണവുമായി പുതിയതെരു വില്ലേജ് ഓഫീസിന് സമീപം വരാമെന്ന് പറഞ്ഞു. സംഘത്തിന്റെ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള നീല കാറില്‍ രണ്ടുപേര്‍ അവിടേക്ക് പോയി. അതിനിടെ സംഭവമറിഞ്ഞ പൊലീസ് സംഘത്തെ തേടിയിറങ്ങി. അപകടം മണത്ത സംഘം യുവാക്കളുടെ കണ്ണ് കെട്ടി അവരുടെ കാറില്‍ തന്നെയിരുത്തി ബക്കളത്തിന് സമീപം ഇറക്കിവിടുകയായിരുന്നു. 

കേസില്‍ അലവില്‍ സുന്ദരാലയത്തില്‍ ജിതിന്‍ (31), ചാലാട് പി.അരുണ്‍ (27), കണ്ണൂര്‍ സിറ്റിയിലെ ജിതിന്‍ വിനോദ് (27), ചാലാട് സ്വദേശി സാദ് അഷറഫ് (24) എന്നിവരാണ് അറസ്റ്റിലായത്. സൂത്രധാരന്‍ അടക്കം മൂന്നുപേര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനുമുന്‍പും സമാനമായ രീതിയില്‍ സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് സംഘത്തില്‍പെട്ടവരെന്നും പൊലീസ് സംശയിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com