സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി; അന്തിമതീരുമാനം മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം അറിഞ്ഞ്; പ്രഖ്യാപനം വെള്ളിയാഴ്ച

സംസ്ഥാന സമിതിയുടെയും ദേശീയ നേതൃത്വത്തിന്റെയും അംഗീകാരത്തോടെ വെള്ളിയാഴ്ച സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും
സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി; അന്തിമതീരുമാനം മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം അറിഞ്ഞ്; പ്രഖ്യാപനം വെള്ളിയാഴ്ച


തിരുവനന്തപുരം; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി. പി.കരുണാകരനൊഴിച്ച് ബാക്കിയെല്ലാ സിറ്റിങ് എംപിമാരേയും മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കണക്കിലെടുത്താവും അന്തിമതീരുമാനത്തില്‍ എത്തുക. ഇതിനായി ഇന്ന് മണ്ഡലം കമ്മിറ്റികളുടെ യോഗം ചേരും. 

സംസ്ഥാന സമിതിയുടെയും ദേശീയ നേതൃത്വത്തിന്റെയും അംഗീകാരത്തോടെ വെള്ളിയാഴ്ച സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍ കോഴിക്കോട്ടും എ.എം. ആരിഫ് ആലപ്പുഴയിലും മത്സരിക്കും. ചൊവാഴ്ചത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സിറ്റിങ് എം.പി.മാരായ പി.കെ. ശ്രീമതി (കണ്ണൂര്‍), എം.ബി. രാജേഷ് (പാലക്കാട്), പി.കെ. ബിജു (ആലത്തൂര്‍), ജോയ്‌സ് ജോര്‍ജ് (ഇടുക്കി), എ. സമ്പത്ത് (ആറ്റിങ്ങല്‍) എന്നിവര്‍ അതേ മണ്ഡലങ്ങളില്‍ വീണ്ടും ജനവിധി തേടണമെന്നാണ് സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം. ചാലക്കുടി എം.പി. ഇന്നസെന്റ് ചാലക്കുടിയിലോ എറണാകുളത്തോ മത്സരിച്ചേക്കും. കാസര്‍കോട്ട് പി. കരുണാകരന് പകരം പാര്‍ട്ടി മുന്‍ ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ വരും.

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അംഗവും മുന്‍ പ്രസിഡന്റുമായ സിന്ധുമോള്‍ ജേക്കബാണ് കോട്ടയത്തെ സാധ്യതാ പട്ടികയില്‍ മുന്‍പില്‍. പത്തനംതിട്ടയില്‍ വീണാ ജോര്‍ജിനും രാജു എബ്രഹാമിനുമാണ് സാധ്യത. പൊന്നാനിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ തേടുകയാണ് സിപിഎം. 
വടകര മണ്ഡലത്തിലേക്കാകട്ടെ, പി ജയരാജനെ ഇറക്കാനാണ് ആലോചന. വടക്കന്‍ കേരളത്തില്‍ ജയരാജന്റെ ജനസമ്മതി വോട്ടാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. 

കഴിഞ്ഞതവണ ജനതാദള്‍(എസ്) മത്സരിച്ച കോട്ടയം സീറ്റ് സിപിഎം ഏറ്റെടുത്തു. ഒരു പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് നല്‍കിയത് എന്നായിരുന്നു സിപിഎം നിലപാട്. ജെഡിഎസ് പകരം സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമായില്ല. ഘടകകക്ഷികളെ പൂര്‍ണമായി തഴഞ്ഞ് 16 മണ്ഡലങ്ങളില്‍ സിപിഎമ്മും നാല് മണ്ഡലങ്ങളില്‍ സിപിഐയുമാണ് മത്സരിക്കുക
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com