ഹര്‍ത്താലിനെതിരെ വീണ്ടും ഹൈക്കോടതി ; നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അനുവാദമില്ല

കോടതി അലക്ഷ്യ കേസില്‍  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും കാസര്‍കോട്ടെ യുഡിഎഫ് നേതാക്കളും കോടതിയില്‍ ഹാജരായി
ഹര്‍ത്താലിനെതിരെ വീണ്ടും ഹൈക്കോടതി ; നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അനുവാദമില്ല

കൊച്ചി : ഹര്‍ത്താലിനെതിരെ വീണ്ടും ഹൈക്കോടതി. ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നതല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്ത് പ്രകോപനം ഉണ്ടായാലും നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി. യുഡിഎഫിന്റെ മിന്നല്‍ ഹര്‍ത്താലിനെതിരെയുള്ള കോടതി അലക്ഷ്യ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗമിക്കുന്നത്. മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും കാസര്‍കോട്ടെ യുഡിഎഫ് നേതാക്കളും കോടതിയില്‍ ഹാജരായി. 

കോടതി അലക്ഷ്യക്കേസില്‍ ഡീന്‍ കുര്യാക്കോസ്, കാസര്‍കോട്ടെ യുഡിഎഫ് നേതാക്കളായ ഗോവിന്ദന്‍ നായര്‍, കമറുദ്ദീന്‍ എന്നിവരോട് മാര്‍ച്ച് അഞ്ചിനകം സത്യവാങ്മൂലം  സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചതായി ഡീന്‍ കുര്യാക്കോസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

എന്നാല്‍ സത്യവാങ്മൂലം കോടതിക്ക് മുന്നില്‍ എത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സത്യവാങ്മൂലം സമര്‍പ്പിച്ചതാണെന്ന് ഡീന്‍ കുര്യാക്കോസ് അറിയിച്ചു. തുടര്‍ന്ന് എന്തുകൊണ്ട് സത്യവാങ്മൂലം എത്തിയില്ലെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. അതേസമയം മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടില്ലെന്നാണ് കാസര്‍കോട്ടെ യുഡിഎഫ് നേതാക്കളായ ഗോവിന്ദന്‍ നായരും കമറുദ്ദീനും വ്യക്തമാക്കിയത്. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹത്തിനൊപ്പമായിരുന്നു തങ്ങള്‍. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടില്ലെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഇരുവരും കോടതിയെ അറിയിച്ചു. എന്നാല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ വാദം തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com