കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീലെന്ന് സൂചന; കാട്ടിലേക്ക് കടന്നവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി

മാവോയിസ്റ്റുകളുമായുണ്ടായ വെടിവയ്പ്പില്‍ രണ്ട് പൊലീസുകാര്‍ക്കും പരുക്കേറ്റു
കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീലെന്ന് സൂചന; കാട്ടിലേക്ക് കടന്നവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി

വയനാട്; വൈത്തിരിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീലെന്ന് സൂചന. വെടിവയ്പ്പ് നടന്ന റിസോര്‍ട്ടിന് സമീപമാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്. ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും വിവരമുണ്ട്. വേല്‍മുരുകനാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. മാവോയിസ്റ്റുകളുമായുണ്ടായ വെടിവയ്പ്പില്‍ രണ്ട് പൊലീസുകാര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതിനിടെ കാട്ടിലേക്ക് കടന്ന മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. വെടിവയ്പ്പില്‍ സംഘത്തിലുണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റിരുന്നതായാണ് സൂചന. അതിനാല്‍ കാട്ടിലേക്ക് അധികദൂരം ഇവര്‍ക്ക് സഞ്ചരിക്കാനാവില്ലെന്നാണ് വിലയിരുത്തുന്നത്. വൈത്തിരിയില്‍ സുരക്ഷ ശക്തമാക്കിയതോടെ പ്രദേശത്തേക്ക് കൂടുതല്‍ പൊലീസ് എത്തി. 

അപ്രതീക്ഷിത ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പുസ്വാമിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയാണ്. വയനാട് സബ് കലക്ടറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മാവോയിസ്റ്റുകളില്‍ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പ്രതികാര നടപടിയെന്നോണം  മാവോയിസ്റ്റുകളില്‍ നിന്നും പ്രത്യാക്രമണം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. 

പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ ഒമ്പത് മണിയോടെ എത്തുമെന്ന് പൊലീസ് അറിയിച്ചു. മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് തടഞ്ഞ  കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്. റിസോര്‍ട്ട് അധികൃതരോടും താമസക്കാരോടും പുറത്തിറങ്ങരുതെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദേശീയപാതയ്ക്കരികിലുള്ള ഉപവൻ എന്ന സ്വകാര്യ റിസോർട്ടിനകത്താണ് ഏറ്റുമുട്ടലുണ്ടായത്‌. തണ്ടര്‍ ബോള്‍ട്ട് നടത്തിയ വെടിവയ്പ്പില്‍ ഒരാൾക്ക് കൂടി പരുക്കേറ്റിട്ടുണ്ട്.രാത്രി ഒൻപത് മണിയോടെയാണ് റിസോർട്ടിലേക്ക് മാവോയിസ്റ്റുകളെത്തിയത്. റിസോർട്ട് ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തർക്കത്തിലേക്ക് മാറിയെന്നുമാണ് പൊലീസ് പറയുന്നത്. ആയുധവുമായി എത്തിയ അഞ്ചം​ഗ സംഘമാണ് പണമാവശ്യപ്പെട്ടത്. റിസോർട്ടിലുണ്ടായിരുന്ന ചില പൊലീസ് ഉദ്യോ​ഗസ്ഥരാണ് മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞത്. വിവരം തണ്ടർ ബോൾട്ടിന് കൈമാറിയതോടെ റിസോർട്ട് പൊലീസ് വളയുകയായിരുന്നു. 4.30 നാണ് അവസാന വെടിയൊച്ച കേട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com