ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ ; കാസര്‍കോട് സതീഷ് ചന്ദ്രനും കോട്ടയത്ത് വാസവനും സിപിഎം സ്ഥാനാര്‍ത്ഥികള്‍ ; പൊന്നാനിയില്‍ തീരുമാനമായില്ല

പാര്‍ട്ടി മല്‍സരിക്കുന്ന 16 ല്‍ 15 സീറ്റിലാണ് ധാരണയായത്. എന്നാല്‍ പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമായില്ല
ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ ; കാസര്‍കോട് സതീഷ് ചന്ദ്രനും കോട്ടയത്ത് വാസവനും സിപിഎം സ്ഥാനാര്‍ത്ഥികള്‍ ; പൊന്നാനിയില്‍ തീരുമാനമായില്ല

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമായി. ഇന്നുചേര്‍ന്ന സംസ്ഥാന സമിതി യോഗമാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. പാര്‍ട്ടി മല്‍സരിക്കുന്ന 16 ല്‍ 15 സീറ്റിലാണ് ധാരണയായത്. എന്നാല്‍ പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമായില്ല. ഇക്കാര്യത്തില്‍ നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കും. 

ചാലക്കുടിയില്‍ നിലവിലെ എംപി ഇന്നസെന്റ് തന്നെ മല്‍സരിക്കും. ലോക്‌സഭാ മണ്ഡലം കമ്മിറ്റിയിലെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ഇന്നസെന്റിനെ വീണ്ടും മല്‍സര രംഗത്തിറക്കാന്‍ തീരുമാനിച്ചത്. കോട്ടയത്ത് ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ സ്ഥാനാര്‍ത്ഥിയാകും. 

പത്തനംതിട്ടയില്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജ് മല്‍സരിക്കും. കാസര്‍കോട് മണ്ഡലത്തില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രേന്‍ സ്ഥാനാര്‍ത്ഥിയാകും. പി കരുണാകരന് പകരമാണ് സതീഷ് ചന്ദ്രന്‍ മല്‍സരരംഗത്തിറങ്ങുക. സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയ ഏക എംപിയും പി കരുണാകരനാണ്. 

കാസര്‍കോട് കെ പി സതീഷ് ചന്ദ്രന്റെയും എം വി ബാലകൃഷ്ണന്റെയും പേരുകളാണ് ഉയര്‍ന്നത്. കണ്ണൂരില്‍ പി കെ ശ്രീമതിയും കോഴിക്കോട് എം കെ പ്രദീപ് കുമാറും, വടകരയില്‍ പി ജയരാജനും, മലപ്പുറത്ത് വിപി സാനുവും മല്‍സരിക്കും. പാലക്കാട് എം ബി രാജേഷും, ആലത്തൂരില്‍ പി കെ ബിജുവും സ്ഥാനാര്‍ത്ഥിയാകും. എറണാകുളത്ത് പി രാജീവും ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും, ആലപ്പുഴയില്‍ എഎം ആരിഫും, ആറ്റിങ്ങലില്‍ എ സമ്പത്തും സ്ഥാനാര്‍ത്ഥികളാകും. 

പൊന്നാനിയില്‍ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിന്റെ പേരാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഭൂമി കൈയേറ്റം അടക്കമുള്ള കേസുകള്‍ വീണ്ടും ഉയര്‍ന്നു വരുമെന്ന ആശങ്ക പ്രാദേശിക നേതൃത്വം മുന്നോട്ടുവെച്ചു. ഇക്കാര്യം പരിഗണിച്ച നേതൃത്വം പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി വിഷയത്തില്‍ നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അന്‍വറിന് പകരം നിയാസ് പുളിക്കലകത്തിനെ സിപിഎം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ നിയാസ് ഇടതുസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു. 

ശബരിമല വിഷയം കത്തിനില്‍ക്കുന്ന പത്തനംതിട്ടയില്‍ ക്രൈസ്തവ വോട്ടുകളും വലുതായുണ്ട്. നിലവിലെ എംപി ആന്റോ ആന്റണിക്കെതിരായ എതിര്‍പ്പും, ഇതോടൊപ്പം ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയും തെരഞ്ഞെടുപ്പില്‍ ഉറപ്പാക്കാനാകുമെന്നും സിപിഎം നേതൃത്വം കണക്കുകൂട്ടുന്നു. പി കെ ശ്രീമതിയും വീണ ജോര്‍ജുമാണ് സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com