സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ നവോത്ഥാനം എവിടെപ്പോയി ?: കെ സുരേന്ദ്രൻ

ജനഹിതം നേരിടാന്‍ ധൈര്യമുള്ളവര്‍ ഇല്ലാത്തതുകൊണ്ടാണോ സിറ്റിങ് എം.എല്‍.എമാരെ മല്‍സരിപ്പിക്കുന്നതെന്ന് സുരേന്ദ്രന്‍
സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ നവോത്ഥാനം എവിടെപ്പോയി ?: കെ സുരേന്ദ്രൻ


കോട്ടയം : നവോത്ഥാന കേരളക്കാരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ ആ നവോത്ഥാനം കാണാനില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കഴിഞ്ഞദിവസം ഇടതുമുന്നണിയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പുറത്തുവന്നു. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ഓടി നടന്ന ആളുകള്‍ പാര്‍ലമെന്റിലേക്ക് ഒരു സ്ത്രീയെ മല്‍സരിപ്പിക്കാന്‍ ധൈര്യം കാണിക്കുന്നില്ല. സിപിഐയെ പേരെടുത്ത് പറയാതെ സുരേന്ദ്രന്‍ പരിഹസിച്ചു. 

നവോത്ഥാന കേരളക്കാര് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ നവോത്ഥാനമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇടത്‌വലത് മുന്നണികളില്‍ ജനഹിതം നേരിടാന്‍ ധൈര്യമുള്ളവര്‍ ഇല്ലാത്തതുകൊണ്ടാണോ സിറ്റിങ് എം.എല്‍.എമാരെ മല്‍സരിപ്പിക്കുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറെടുക്കുന്ന എംഎല്‍എമാര്‍ രാജിവെച്ചുകൊണ്ടു വേണം തെരഞ്ഞെടുപ്പിനെ നേരിടാന്‍. അതിനുള്ള രാഷ്ട്രീയ മര്യാദയും ജനാധിപത്യ ബോധവും എംഎല്‍എമാര്‍ കാണിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് വിചാരിച്ചിട്ടാണല്ലോ എംഎല്‍എമാര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വരുന്നത്. ജനങ്ങളെ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സ്ഥാനം രാജിവെച്ച് ലോക്‌സഭയിലേക്ക് മല്‍സരിക്കണം. അതിനുള്ള ധൈര്യം കാണിക്കാന്‍ തയ്യാറാകണം. ജനാധിപത്യത്തെ പരിഹസിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ പത്തുകൊലത്തിലേറെയായി സംവരണ മണ്ഡലങ്ങളായ ആലത്തൂരിനെയും മാവേലിക്കരയെയും പ്രതിനിധീകരിക്കുന്നത് പട്ടികജാതിക്കാരല്ല. എംപിമാരായ പി കെ ബിജുവും കൊടിക്കുന്നില്‍ സുരേഷും പട്ടികജാതിക്കാരല്ല എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. അവര്‍ രണ്ട് പേരും കള്ള പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി മല്‍സരിക്കുന്നവരാണെന്ന് ഇതിനോടകം തെളിഞ്ഞതാണ്. ഈ നാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണ് രണ്ട് മുന്നണിയും ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പരിവര്‍ത്തനയാത്ര കേരളരാഷ്ട്രീയത്തില്‍ വലിയ പരിവര്‍ത്തനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് പോകുന്നത്. കേരളം വലിയമാറ്റത്തിന് ദാഹിക്കുന്നു എന്നതിന്റെ സൂചനയാണ് യാത്രക്ക് ലഭിക്കുന്ന സ്വീകാര്യത. 2019 ലെ തെരഞ്ഞെടുപ്പ് വോട്ടിന്റെ അടിസ്താനത്തിലും സീറ്റിന്റെ അടിസ്ഥാനത്തിലും ബിജെപി രാജ്യത്ത് വലിയ മുന്നേറ്റം കാവ്ചവെക്കും. 2019 ല്‍ കേരളം ഇടത്‌വലത് മുന്നണികളോട് വിടപറയുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com