മാവോയിസ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുംവരെ പൊലീസ് നടപടി തുടരും; ഡിജിപി

മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തും - കൂടാതെ ക്രൈംബ്രാഞ്ചും അന്വേഷിക്കും - സുപ്രീം കോടതി മാര്‍ഗരേഖയനുസരിച്ചാണ് അന്വേഷണമെന്നും ഡിജിപി
മാവോയിസ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുംവരെ പൊലീസ് നടപടി തുടരും; ഡിജിപി

തിരുവനന്തപുരം: കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുംവരെ പൊലീസ് നടപടി തുടരുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ് റ. സായുധ അക്രമണത്തിനായി ആഹ്വാനം ചെയ്യുന്നതായി  പൊലീസിന് വിവരം ലഭിച്ചിരുന്നു. മാവോയിസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്തത് നാട്ടുകാരുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തിയതിനാലാണെന്നും ഡിജിപി വ്യക്തമാക്കി. 

മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തും. കൂടാതെ ക്രൈംബ്രാഞ്ചും അന്വേഷിക്കും. സുപ്രീം കോടതി മാര്‍ഗരേഖയനുസരിച്ചാണ് അന്വേഷണമെന്നും ഡിജിപി പറഞ്ഞു. കൊല്ലപ്പെട്ട സിപി ജലീലിന്റെ കുടുംബം മജിസ്റ്റീരിയല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മരണവിവരം പോലും ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചിട്ടില്ല. മൃതദേഹം വിട്ടുനല്‍കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കലക്ടര്‍ക്കും എസ്പിയ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു.

മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ ആണ് വയനാട്ടിലെ വൈത്തിരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി നടന്ന ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനുകൂടി വെടിയേറ്റതായാണ് സൂചന. പരുക്കേറ്റയാള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു.

ഇന്നലെ രാത്രി എട്ടരയോടെയാണ് മാവോയിസ്റ്റുകള്‍ ഉപവന്‍ റിസോര്‍ട്ടിലെത്തി പണവും പത്ത് പേര്‍ക്ക് ഭക്ഷണവും ആവശ്യപ്പെട്ടത്. മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ ഉള്‍പ്പെടെ രണ്ടുപേരെ ദൃശ്യങ്ങളില്‍ കാണാം. ഒരാളുടെ കൈയല്‍ തോക്കും ബാഗുമുണ്ട്. ജീവനക്കാരോട് പത്തുപേര്‍ക്കുളള ഭക്ഷണം ആവശ്യപ്പെട്ട സംഘം ഭീഷണിപ്പെടുത്തി പണവും വാങ്ങി. ഇതിനിടെ റിസോര്‍ട്ട് അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് മാവോയിസറ്റുകളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. രാത്രി തുടങ്ങിയ വെടിവയ്പ്പ് പുലര്‍ച്ചെവരെ തുടര്‍ന്നു. പുലര്‍ച്ചെ നടത്തിയ തിരച്ചിലില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ മൃതദേഹം റിസോര്‍ട്ടിന് സമീപത്ത് കണ്ടെത്തി. 2014 മുതല്‍ പൊലീസ് തിരയുന്ന മാവോയിസ്റ്റാണ് ജലീല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com