എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്റെ ഗതികേട്; കേരളം ബിജെപിക്ക് വളക്കൂറുള്ള മണ്ണായി മാറുന്നു: പിഎസ് ശ്രീധരന്‍പിള്ള

ബിജെപിയില്‍ വിഭാഗീയതയുണ്ടെന്ന് പറയുന്നത് ഈ നൂറ്റാണ്ടിലെ വലിയ നുണയാണെന്ന് പിഎസ് ശ്രീധരന്‍പിള്ള 
എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്റെ ഗതികേട്; കേരളം ബിജെപിക്ക് വളക്കൂറുള്ള മണ്ണായി മാറുന്നു: പിഎസ് ശ്രീധരന്‍പിള്ള

കോഴിക്കോട്:  ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എംഎല്‍എമാരെ മത്സരിപ്പിക്കേണ്ട ഗതികേടിലേക്ക് ഇടതുമുന്നണി എത്തിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. ഒരു അവിചാരിതഘട്ടത്തില്‍ എംഎല്‍എമാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ എത്ര എംഎല്‍എമാരാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചത്. ഇതിലൂടെ ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ് ഇവര്‍ ചെയ്തത്. ഇത് സിപിഎമ്മിന്റെ ഗതികേടാണ് കാണിക്കുന്നത്. ഇതെല്ലാം കേരളത്തില്‍ ബിജെപിക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റുന്നുവെന്നും ഇത്തവണ ചരിത്രവിജയം നേടുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

ബിജെപിയില്‍ വിഭാഗീയതയുണ്ടെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുയാണ്. താന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ പാര്‍ട്ടിയില്‍ ആശയപരമായ ചര്‍ച്ചകള്‍ മാത്രമാണ് നടത്തിയത്. ബിജെപിയില്‍ വിഭാഗീയതയുണ്ടെന്ന് പറയുന്നത് ഈ നൂറ്റാണ്ടിലെ വലിയ നുണയാണെന്ന് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഇത്തരത്തില്‍ കെട്ടിച്ചമച്ച വാര്‍ത്തകളിലൂടെ  ബിജെപിയുടെ ആത്മവീര്യം കെടുത്തിക്കളയാന്‍ സംഘടിത ശ്രമം നടക്കുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളരാഷ്ട്രീയത്തിലേക്ക് കുമ്മനം രാജശേഖരന്‍ വരുന്നത് പാര്‍ട്ടിക്ക് ഊര്‍ജ്ജം പകരും. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമോയെന്ന് പറയാന്‍ ഞാന്‍ ആളല്ല. തെരഞ്ഞടുപ്പ് രംഗത്ത് സജീവമായി കുമ്മനം രാജശേഖരന്‍ ഉണ്ടാകും. അദ്ദേഹം കേരളരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നത് തന്റെ പ്രസിഡന്റ് സ്ഥാനത്തെ ബാധിക്കില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com