ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അടൂര്‍ പ്രകാശ്; കോണ്‍ഗ്രസ് പട്ടികയിലും എംഎല്‍എമാര്‍? ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അടൂര്‍ പ്രകാശ്; കോണ്‍ഗ്രസ് പട്ടികയിലും എംഎല്‍എമാര്‍? ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍
ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അടൂര്‍ പ്രകാശ്; കോണ്‍ഗ്രസ് പട്ടികയിലും എംഎല്‍എമാര്‍? ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്കു കടന്നതോടെ കൂടുതല്‍ എംഎല്‍എമാരുടെ പേരുകള്‍ സജീവ പരിഗണനയില്‍. മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിക്കു പുറമേ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ പേരുകളാണ് അന്തിമ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ഞായറാഴ്ച സ്‌ക്രീനിങ് കമ്മിറ്റി ചേരുന്നതിനു മുന്നോടിയായി നേതാക്കള്‍ക്കിടയിലും ഗ്രൂപ്പുതലത്തിലും ആശയവിനിമയം പുരോഗമിക്കുകയാണ്. ഗ്രൂപ്പു സമവാക്യം പാലിച്ചുകൊണ്ടുതന്നെ വിജയ സാധ്യത എന്ന ഘടകത്തിന് മുന്‍ഗണന നല്‍കിയുള്ള പട്ടികയ്ക്കായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വിജയ സാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഘടകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അസന്നിഗ്ധമായി വ്യ്ക്തമാക്കിയിട്ടുണ്ട്.

പി ജയരാജന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെയും സിറ്റിങ് എംഎല്‍എമാരെയും ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയത്. മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്ത് എത്തുന്നതിലുടെ പ്രവര്‍ത്തകര്‍ക്കുണ്ടാവുന്ന ആവേശവും എംഎല്‍എമാരുടെ സ്വീകാര്യതയും വോട്ടാക്കി മാറ്റുകയെന്ന തന്ത്രമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. ഇതേ ഗതിയില്‍ തന്നെയാണ് കോണ്‍ഗ്രസിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഉമ്മന്‍ ചാണ്ടി, വിഎം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. 

സിറ്റിങ് എംപിമാര്‍ക്കു സീറ്റു നല്‍കാനുള്ള അനൗദ്യോഗിക ധാരണ പാര്‍ട്ടിയില്‍ ഉണ്ടെങ്കിലും ശക്തമായ എതിര്‍പ്പുള്ള മണ്ഡലങ്ങളില്‍ ഇതു പാലിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. എറണാകുളത്ത് കെവി തോമസിനു പകരം ഹൈബി ഈഡനെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നത് ഈ പശ്ചാത്തലത്തലാണ്. 

പാലക്കാട്ട് ഷാഫി പറമ്പിലിനെ ഇറക്കി എംബി രാജേഷിനെ നേരിടണമെന്ന നിര്‍ദേശത്തിന് പാര്‍ട്ടിയില്‍ പിന്തുണ ഏറിയിട്ടുണ്ട്. അടൂര്‍ പ്രകാശിനെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍. സിപിഎം ഉറച്ച സീറ്റായി കരുതുന്ന ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് എത്തുന്നതോടെ എ സമ്പത്തിനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാവുമെന്ന് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഉമ്മന്‍ ചാണ്ടിയെ കോട്ടയത്തോ ഇടുക്കിയിലോ മത്സരിപ്പിക്കണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം. ഉമ്മന്‍ ചാണ്ടിക്കായി കോട്ടയം സീറ്റ് വച്ചുമാറാന്‍ കേരള കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചനകള്‍. 

തൃശൂരില്‍ വിഎം സുധീരനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും സജീവമായി ചര്‍ച്ചയിലുണ്ട്. ഡിസിസി പ്രസിഡന്റ് ടിഎന്‍ പ്രതാപന്റേതാണ് തൃശൂരിയില്‍ ഉയര്‍ന്നുവന്നിട്ടുള്ള മറ്റൊരു പേര്. ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍, വയനാട്ടില്‍ ടി സിദ്ധിഖ്, ഷാനിമോള്‍ ഉസ്മാന്‍, കണ്ണൂരില്‍ കെ സുധാകരന്‍ എന്നിവരുടെ പേരും സാധ്യതാ പട്ടികയിലുണ്ട്. 

ഞായറാഴ്ച സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിനു ശേഷം തിങ്കളാഴ്ച നേതാക്കള്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. അതിനു ശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com